
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ (models death) കാറപകടമരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. യുവതികള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടൽ (hotel no.18) ഉടമ റോയി വയലാട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ റോയിയെ വീണ്ടും വിളിപ്പിക്കും. കേസിൽ ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
റോയി നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണം റോയി പൊലീസിന് കൈമാറിയിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നുമില്ലെന്ന് എസിപി വൈ നിസാമുദ്ദീന്‍ പറഞ്ഞു. ഇന്ന് രാവിലെ 10.30 നാണ് റോയി വയലാട്ട് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റൻ്റ് കമ്മീഷണർ നിസാമുദ്ദീൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
Read Also : ഡിജെ പാർട്ടി; നിർണായക ദൃശ്യങ്ങളുള്ള ഡിവിആർ ഹോട്ടൽ ഉടമ പൊലീസിന് കൈമാറി, ഒരെണ്ണം കൂടിയുണ്ടെന്ന് പൊലീസ്
ജീവനക്കാരുടെ മൊഴി പ്രകാരം ഹാർഡ് ഡിസ്‌ക്കുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയി ഹാജരായിരുന്നില്ല. തുടർന്ന് ഇന്നലെ നിയമപരമായി നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. ഡിവിആറുമായി ഹാജരാകണം എന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ അച്ഛൻ അബ്ദുൽ കബീറു൦ ബന്ധുക്കളു൦ കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യ൦. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam