'മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം', കേസ് അന്വേഷണത്തിന് പ്രത്യേക സംഘം, ഡ്രൈവറെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

Published : Oct 06, 2022, 03:16 PM ISTUpdated : Oct 06, 2022, 07:02 PM IST
'മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം', കേസ് അന്വേഷണത്തിന് പ്രത്യേക സംഘം, ഡ്രൈവറെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

Synopsis

ആലത്തൂർ ഡിവൈഎസ്‍പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍പി ആർ വിശ്വനാഥ് പറഞ്ഞു. ഡ്രൈവറെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റമാണ് ഡ്രൈവര്‍ ജോമോന് എതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡി വൈ എസ്‍ പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍ പി ആർ വിശ്വനാഥ് പറഞ്ഞു. അമിത വേഗത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്.  മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

PREV
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ