80 കോടിയുടെ 16 കിലോ ഹെറോയിനുമായി മലയാളി മുംബൈയിൽ പിടിയിൽ; ലഹരിമരുന്ന് സൂക്ഷിച്ചത് ട്രോളി ബാ​ഗിലെ രഹസ്യ അറയിൽ

By Web TeamFirst Published Oct 6, 2022, 2:53 PM IST
Highlights

ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡിആർഐ പിടികൂടിയത്. 


മുംബൈ: മലയാളികൾ ഉൾപ്പെട്ട വമ്പൻ ലഹരിമരുന്ന് കേസിന്‍റെ ഞെട്ടൽ മാറും മുൻപ് 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി ഡിആർഐയുടെ പിടിയിലായി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 1476 കോടിയുടെ ലഹരി മരുന്ന് പിടിച്ച കേസിൽ കൂടുതൽ അറസ്റ്റും ഉടനുണ്ടാവും. ഡിആർഐ കസ്റ്റഡിയിലുള്ള വിജിൻ വർഗീസിന്‍റെ പങ്കാളി മൻസൂറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.

ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡിആർഐ പിടികൂടിയത്. മലയാളിയായ ബിനു ജോണെന്നയാളാണ് പിടിയിലായത്. ട്രോളി ബാഗിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി മരുന്ന് കൊണ്ട് വന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ തുടരുകയാണ്.

അതേസമയം നവിമുംബൈയിൽ നിന്ന് 1476 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നാണ് ഡിആർഐ വൃത്തങ്ങൾ പറയുന്നത്. ലഹരി മരുന്ന് കോൾഡ് സ്റ്റോറേജിൽ നിന്ന് ട്രക്കിലേക്ക് മാറ്റി കൊണ്ടുപോവുന്നതിന് തന്നെ പങ്കാളിയായ മൻസൂർ വിളിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് മൊഴി നൽകിയിട്ടുള്ളത്. രാഹുൽ എന്നയാൾ എത്തുമെന്നും കൺസൈൻമെന്‍റ് കൊണ്ടുപോവുമെന്നുമാണ് അറിയിച്ചത്.

ഇയാളെ ഡിആർഐ തിരയുന്നുണ്ട്. ഒപ്പമുള്ള ഗുജറാത്ത് സ്വദേശിയാണ് ലഹരി കടത്തിയതെന്ന് മൻസൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വാദം ഡിആർഐ വിശ്വാസത്തിലെടുത്തിട്ടില്ല. ദക്ഷിണാഫ്രിക്കയിലുള്ള മൻസൂറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഡിആർഐ. പിടിച്ചെടുത്ത ലഹരിമരുന്ന് ഇന്ത്യയിൽ വിതരണം ചെയ്യാനുള്ളതല്ലെന്നും വിദേശത്തേക്ക് കയറ്റിവിടാനുള്ളതാണെന്നും ഉള്ള നിഗമനമാണ് അന്വേഷണ സംഘത്തിന് ഇപ്പോഴുള്ളത്. 

കൊച്ചിയില്‍ വന്‍ലഹരിവേട്ട, 200 കിലോ ഹെറോയിനുമായി ഇറാനിയന്‍ ഉരു പിടിയില്‍


 

click me!