
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. ഇന്നലെ ലഭിച്ച പരാതിയിലാണ് കേസ് എടുക്കുക. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു. അതേ സമയം രാഹുലിനെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കെപിസിസി ശുപാര്‍ശയോടെ എഐസിസി തീരുമാനമെടുക്കും. തീരുമാനം ഉടൻ പ്രഖ്യാപിക്കും.
ബ്രഹ്മാസ്ത്രത്തിന് സമയമായി എന്നായിരുന്നു വിഷയത്തിൽ കെ മുരളീധരന്‍ പ്രതികരിച്ചത്. പുകഞ്ഞ കൊള്ളി പുറത്തേക്ക് തന്നെയെന്ന് പറഞ്ഞ മുരളീധരൻ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പോകാമെന്നും അഭിപ്രായപ്പെട്ടു. പാര്‍ട്ടി ദൌത്യം ഏൽപിച്ചത് മതിൽ ചാടാനല്ലെന്നും കെ മുരളീധരൻ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. മാതൃകാപരമായ നടപടി പ്രതീക്ഷിക്കുന്നുവെന്ന് കെ കെ രമ പ്രതികരിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നും രമ ആവശ്യപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. രാഹുൽ ഇനി പാര്‍ട്ടിയിൽ പാടില്ലെന്ന് ഷാനിമോള്‍ ഉസ്മാൻ ആവശ്യപ്പെട്ടു.