
കോഴിക്കോട്: സ്വർണ്ണകടത്ത് സംഘം കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദ് ഒളിവിൽ കഴിഞ്ഞ വയനാട്ടിലെ ലോഡ്ജിൽ പൊലീസ് പരിശോധന നടത്തി. വൈത്തിരി ചുണ്ടേലിലെ ലോഡ്ജിലാണ് അന്വേഷണ സംഘമെത്തിയത്. ലോഡ്ജിലെ രജിസ്റ്ററും സിസിടിവിയും പരിശോധിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജൂൺ രണ്ടിനാണ് ഇർഷാദിൻ്റെ സുഹൃത്ത് ഷമീർ ലോഡ്ജിൽ മുറിയെടുത്തത്. ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് മുറിയെടുത്തത്. പിന്നീട് ജൂൺ 16 നാണ് ഇർഷാദ് ലോഡ്ജിലെത്തിയത്. 18 ദിവസം ഇവിടെ തങ്ങിയ ശേഷം ജൂലൈ നാലിന് കാറിലെത്തിയ സംഘം ഇർഷാദിനെ കൂട്ടികൊണ്ടു പോയെന്ന് ലോഡ്ജിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
ജൂലൈ 22 നാണ് ഇര്‍ഷാദിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അതിനിടെ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ പൊലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്‍റേതെന്ന പേരില്‍ സംസ്കരിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി.
അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്‍റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തിയത് ദീപക്കിന്‍റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎൻഎയുമായി ഇർഷാദിന്‍റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവും ഇര്‍ഷാദില്‍ നിന്നുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്‍റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തുവിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam