Asianet News MalayalamAsianet News Malayalam

രൂപസാദൃശ്യമുള്ള രണ്ട് പേര്‍, ആള് മാറി സംസ്കരിച്ചു, ഒടുവിൽ ഡിഎൻഎയിൽ ഇര്‍ഷാദെന്ന് തിരിച്ചറിഞ്ഞു

കൊയിലാണ്ടിയിൽ ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ മൃതദേഹം കാണാതായ മേപ്പയൂര്‍ സ്വദേശിയായ ദീപക്കിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ് സംസ്കരിച്ചപ്പോഴാണ് അത് ഇര്‍ഷാദെന്ന കാണാതായ മറ്റൊരു യുവാവിന്റേതാണെന്ന് ഡിഎൻഎ ഫലം പുറത്തുവന്നത്. 

Missing Irshad 's dead body identified by dna test
Author
Kozhikode, First Published Aug 5, 2022, 3:28 PM IST

കോഴിക്കോട് : രൂപ സാദൃശ്യമുള്ള രണ്ട് പേരെ കാണാതാകുന്നു. ഒരാൾ മരിച്ചെന്ന് തിരിച്ചറിയുന്നു. സംസ്കാരവും നടത്തുന്നു. എന്നാൽ കണ്ടെത്തി തിരിച്ചറിഞ്ഞ് സംസ്കാരം നടത്തിയത് മറ്റേയാളുടെ മൃതദേഹമാണെന്ന് ഒടുവിൽ വ്യക്തമാകുന്നു. ഇത് കെട്ടുകഥയല്ല, സംസ്ഥാനത്ത് നടന്ന രണ്ട് യുവാക്കളുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നത് ഇങ്ങനെയാണ്. കൊയിലാണ്ടിയിൽ ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ മൃതദേഹം കാണാതായ മേപ്പയൂര്‍ സ്വദേശിയായ ദീപക്കിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ് സംസ്കരിച്ചപ്പോഴാണ് അത് ഇര്‍ഷാദെന്ന കാണാതായ മറ്റൊരു യുവാവിന്റേതാണെന്ന് ഡിഎൻഎ ഫലം പുറത്തുവന്നത്. 

ജൂലൈ 15നാണ് ഇര്‍ഷാദ് പുഴയിൽ ചാടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊയിലാണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത് ജൂലൈ 17ന്. പിന്നാലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അപ്പോഴേക്കും ദീപക്കിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മ, അനിയത്തിയുടെ ഭര്‍ത്താവ്, അച്ഛന്റെ അനിയൻമാര്‍, സുഹൃത്തുക്കൾ എന്നിവരാണ് മൃതദേഹം ദീപക്കിന്റേതുതന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം പരിശോധനകളും പോസ്റ്റ്മോര്‍ട്ടവും നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇവര്‍ ദീപക്കിന്റേതെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. 

ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്ന് മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇര്‍ഷാദിന്റേതാണെന്നും കണ്ടെത്തി. ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്. പന്തിരിക്കരയില്‍ നിന്ന് ജൂലൈ ആറിനാണ് സ്വര്‍ണക്കടത്ത് സംഘം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. 

ഇര്‍ഷാദിന്റെ തിരോധാനം എങ്ങുമെത്താതെ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.  തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു.

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

Follow Us:
Download App:
  • android
  • ios