
പാലക്കാട്: നെൻമാറയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അതേ സമയം, പ്രതി ഇന്നും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് നെന്‍മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി നാട്ടുകാരിലൊരാൾ പറഞ്ഞു. ചെന്താമര ഒരു സൈക്കോയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടാതെ ബോഡി എടുക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു.
ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. എപ്പോഴും ഇയാളുടെ കയ്യിൽ കത്തി കാണുമായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേ സമയം ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കൃത്യമായി ഇടപെട്ടിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam