
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ജീവനക്കാരനിൽ നിന്നും ലൈംഗീക അതിക്രമം നേരിട്ട സ്ത്രീയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിൽ പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ പൊലീസ് അഞ്ച് പേരെയും പിടികൂടാൻ നടപടി തുടങ്ങിയപ്പോൾ ആണ് എല്ലാവരും ഒളിവിൽ പോയെന്ന് വ്യക്തമായത്. ഇന്നലെ രാത്രിയും 5 പേരുടെയും വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ലെന്നാണ് കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് പറയുന്നത്.
പീഡനത്തിനിരയായ യുവതിയുടെ പരാതി ഒതുക്കാൻ ശ്രമിച്ച ഒരു താത്ക്കാലിക ജീവനക്കാരിയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. അഞ്ച് വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മെഡി. കോളേജ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ വനിതാ ജീവനക്കാർ, തന്നെ അവഹേളിച്ചെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണവും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണവും തുടരുന്നതിനിടെയാണ്, അറസ്റ്റിലായ ശശീന്ദ്രനെ രക്ഷിക്കാന്‍ ഇയാളുടെ സഹപ്രവര്‍ത്തകര്‍ തന്നെയായ വനിത ജീവനക്കാര്‍ തന്നെ രംഗത്തിറങ്ങിയത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നെന്നായിരുന്നു അതിജീവിത മെഡി. കോളേജ് സൂപ്രണ്ടിന് നൽകിയ പരാതി. വാർഡിൽ ഡ്യൂട്ടിയിലില്ലാതിരുന്ന ആളുകളാണ് എത്തിയതെന്നും പരാതി പിൻവലിക്കാൻ തയ്യാറാവാത്ത തന്നെ അവഹേളിച്ചെന്നും അതിജീവിത ന്യൂസ് അറവറിൽ പറഞ്ഞു .
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതി ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിന്മേലാണ് വകുപ്പുതല നടപടി. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേജ് 2 അറ്റൻഡർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റൻഡ്പ്രസീത മനോളി എന്നിവരെയാണ് മെഡി. വിദ്യാഭ്യാസ വകുപ്പ് ഡറക്ടർ സസ്പെന്റ് ചെയ്തത്. ദിവസവേതനക്കാരിയായ ദീപയെ പിരിച്ചുവിടുകയും ചെയ്തു. രഹസ്യമൊഴി തിരുത്താൻ സമ്മർദ്ദമെന്ന പരാതിയിൽ സിൽ മെഡി. കോളേജ് പൊലീസ് അതിജീവിതയുടെ മൊഴി വീണ്ടുമെടുത്തു. തുടർന്നാണാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കാൻ ശ്രമം തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ്സെടുത്തത്.പരാതിയുടെ ഗൗരവം കണക്കിലെടുത്ത് യുവതിക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഡോക്ടർമാർ ഒഴികെ മറ്റാരും യുവതിയെ കാണാൻ പാടില്ലെന്നും സൂപ്രണ്ട് നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അർദ്ധബോധാവസ്ഥയിൽ പീഡനത്തിനിരയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam