ജോളി സൂക്ഷിച്ച വിഷം തേടി പൊലീസ്: പൊന്നാമറ്റം വീട് അരിച്ചു പെറുക്കുന്നു

By Web TeamFirst Published Oct 11, 2019, 12:38 PM IST
Highlights

പൊന്നാമറ്റം വീടിന് ചുറ്റും വന്‍ജനക്കൂട്ടമായതിനാല്‍ ജോളിയെ വീടിനകത്ത് ഇരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസ് വീടനകത്തും പുറത്തും തെരച്ചില്‍ തുടരുകയാണ്. 

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയേയും കൂട്ടുപ്രതികളായ കെഎം മാത്യുവിനേയും പ്രജു കുമാറിനേയും തെളിവെടുപ്പിനായി കൂടത്തായി പൊന്നാമറ്റത്തെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ഒരാഴ്ച മുന്‍പേ ഇതേ വീട്ടില്‍ നിന്നാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വടകര സ്റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിക്ക് കൊണ്ടു വന്നത്. മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി വീടിനകത്തേക്ക് കൊണ്ടു പോരുകയായിരുന്നു. പ്രതികളെ അകത്ത് എത്തിച്ചതിന് പിന്നാലെ പൊന്നാമറ്റംവീടിന്‍റെ ഗേറ്റ് പൊലീസ് അടച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടു പോയത്. വീടിനകത്ത് പോയ ജോളിയില്‍ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റു മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന. 

കുടുംബത്തിലുള്ളവരെ അപായപ്പെടുത്താന്‍  ഉപയോഗിച്ച വിഷത്തിന്‍റെ ബാക്കി വീട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതു കണ്ടെത്താനാണ് പ്രധാനമായും പൊലീസിന്‍റെ ശ്രമം. സുരക്ഷയെ കരുതി ജോളിയെ വീടിന് പുറത്തേക്ക് കൊണ്ടു വരാതിരുന്ന പൊലീസ് അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവശേഷിച്ച വിഷത്തിനായി വീടിനകത്തും പുറത്തും തെരച്ചില്‍ നടത്തി. പുറത്തെ മാലിന്യക്കുഴിയിലും വീടിന്‍റെ ടെറസിലും വാട്ടര്‍ ടാങ്കിലും പൊലീസ് സംഘം തെരച്ചില്‍ നടത്തി. ഒരുവേള വീടിനകത്ത് നിന്നും വരാന്ത വരെ വന്ന ജോളി ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം അകത്തേക്ക് പോയ. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും പൊന്നാമറ്റം വീട്ടില്‍ തെരച്ചില്‍ തുടരുകയാണ്. 

click me!