സിഒടി നസീര്‍ വധശ്രമക്കേസ്: എഎന്‍ ഷംസീറിന്‍റെ മൊഴിയെടുക്കും, കാര്‍ കസ്റ്റഡിയില്‍

Published : Aug 03, 2019, 01:29 PM ISTUpdated : Aug 03, 2019, 02:26 PM IST
സിഒടി നസീര്‍ വധശ്രമക്കേസ്: എഎന്‍ ഷംസീറിന്‍റെ മൊഴിയെടുക്കും,  കാര്‍ കസ്റ്റഡിയില്‍

Synopsis

എംഎല്‍എ ബോര്‍ഡ് മാറ്റിയ ശേഷമാണ് കാര്‍ സ്റ്റേഷനിലെത്തിച്ചത്. നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ കാറില്‍ വച്ചാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള ഇന്നോവ കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഈ കെഎല്‍ 07 സിഡി 6887 എന്ന കാറാണ് ബോര്‍ഡ് മാറ്റിയ ശേഷം സ്റ്റേഷനിലെത്തിച്ചത്.  കേസിൽ ഷംസീറിന്‍റെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷംസീറിന് ഉടന്‍ നോട്ടീസ് നൽകും.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നോട്ടീസ് നല്‍കിയ പ്രകാരം കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഈ കാറില്‍ വച്ചാണ് സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് എന്നാണ് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എംഎല്‍എയുടെ സഹായിയും ഡ്രൈവറുമായ രാഗേഷാണ് കാറില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പൊട്ടി സന്തോഷുമായി പദ്ധതി ആസൂത്രണം ചെയ്തത്.  

വധശ്രമത്തിന്‍റെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന ഈ കാറില്‍ ഷംസീര്‍ എംഎല്‍എ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് യോഗം കഴിഞ്ഞ് മറ്റൊരു കാറിലാണ് ഷംസീര്‍ മടങ്ങിയത്. എംഎല്‍എയ്ക്ക് തന്നോടുള്ള വിദ്വേഷത്തെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സിഒടി നസീര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെയ് 18-ാം തീയതിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ ഗേൾസ് സ്‌കൂൾ പരിസരത്ത് വെച്ച് സിഒടി നസീർ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. തലയ്ക്കും വയറിനും കൈകാലുകൾക്കും വെട്ടേറ്റ നസീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്