കോഴിക്കോട് കളക്ടറുടെ കാറിന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രത്യേക 'പൊലീസ് കാവല്‍'

Published : Jul 10, 2022, 11:50 AM ISTUpdated : Jul 22, 2022, 08:46 PM IST
കോഴിക്കോട് കളക്ടറുടെ കാറിന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രത്യേക 'പൊലീസ് കാവല്‍'

Synopsis

ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിനാണ് എഎസ്ഐയും നാല് പൊലീസുകാരും സുരക്ഷ ഒരുക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാൾ വാഹനത്തിന്‍റെ ചില്ല് അടിച്ചുതകർത്ത ശേഷമാണ് മറ്റൊരിടത്തും ഇല്ലാത്ത ഈ സുരക്ഷാകവചം.

കോഴിക്കോട് : കഴി‌ഞ്ഞ ഒരു വർഷത്തിലേറെയായി ഒരു കാറിന് കാവൽ നിൽക്കുകയാണ് കോഴിക്കോട്ടെ അഞ്ച് പൊലീസുകാരടങ്ങുന്ന സംഘം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിനാണ് എഎസ്ഐയും നാല് പൊലീസുകാരും സുരക്ഷ ഒരുക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാൾ വാഹനത്തിന്‍റെ ചില്ല് അടിച്ചുതകർത്ത ശേഷമാണ് മറ്റൊരിടത്തും ഇല്ലാത്ത ഈ സുരക്ഷാകവചം.

കളക്ടറുടെ ഔദ്യോഗിക വാഹനം രാവിലെ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്യുന്നത് മുതൽ തുടങ്ങും, പൊലീസുകാരുടെ പണി. പണിയെന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിക്കരുത്. കാറിന് സമീപത്ത് മേശ വലിച്ചിട്ട് തോക്കും ലാത്തിയും ഒക്കെയായി ഒരേ ഇരുപ്പാണ്. ഇടയ്ക്ക് ഒന്ന് നടക്കും വീണ്ടും ഇരിക്കും. കളക്ടറുടെ കാറിന് ഒന്നും പറ്റാതെ നോക്കണം എന്നതാണ് ചുമതല.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ്, കളക്ടറുടെ കാർ മാനസിക വെല്ലുവിളി നേരിടുന്നയാൾ അടിച്ചുതകർത്തത്. അന്നു മുതലാണ് ഈ പ്രത്യേക സുരക്ഷാക്രമീകരണം. ക്രമസമാധാനത്തിന് മതിയായ പൊലീസുകാരില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പരിതപിക്കുന്നിടത്താണ് ഈ ഏർപ്പാട്. കളക്ടർക്ക് ഗൺമാൻമാരും, ഓഫീസ് സുരക്ഷയ്ക്കായി പ്രത്യേക ഗാർഡുകളും വേറെയുള്ളപ്പോഴാണ് ഈ അധിക സംവിധാനം. എ ആർ ക്യാമ്പിൽ നിന്നുള്ളവരെയാണ് ഇവരെ ഡ്യൂട്ടിക്കിടുന്നത്. വലിയ തലവേദനയില്ല, കാറിന് കാവൽ ഇരുന്നാൽ മതിയല്ലോ, രാത്രിയിൽ ജോലിയും ഇല്ല, അതുകൊണ്ട് തന്നെ ഈ ഡ്യൂട്ടി കിട്ടാൻ പിടിവലിയാണെന്ന് പൊലീസുകാർക്കിടയിൽ അടക്കം പറച്ചിലുണ്ട്. എന്നാൽ, കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് മാത്രമല്ല, കളക്ട്രേറ്റിന് കൂടി ഇവർ സുരക്ഷ നൽകുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട്ടിൽ പോലും കളക്ട്രേറ്റിന് ഈ രീതിയിൽ സുരക്ഷ ഇല്ലല്ലോ എന്ന് ചോദിച്ചാൽ, ഉദ്യോഗസ്ഥർക്ക് മറുപടിയുമില്ല.

 

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ