
തിരുവനന്തപുരം: ഓണാഘോഷം നടത്തുന്നതിനെ ചൊല്ലി വര്‍ക്കല എസ്.എൻ കോളജിലെ മാനേജ്മെൻ്റും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ തര്‍ക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചു. കോളേജിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഡിപ്പാര്‍ട്ട്മെൻ്റ് തലത്തിൽ നടത്തിയാൽ മതിയെന്ന മാനേജ്മെൻ്റ് തീരുമാനമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോളേജിലെ മുഴുവൻ വിദ്യാര്‍ത്ഥികൾക്കുമായി ഒന്നിച്ച് ഓണാഘോഷ പരിപാടി വേണമെന്നും ശിങ്കാരിമേളം അടക്കം ഓണാഘോഷങ്ങളുടെ ഭാഗമാക്കണമെന്നും വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു.
എന്നാൽ ഈ ആവശ്യം കോളേജ് പ്രിൻസിപ്പൽ നിരസിച്ചു. ഇതോടെ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഇതോടെ പൊലീസ് സ്ഥലത്ത് എത്തുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. മാനേജ്മെന്റ് വിദ്യാർത്ഥികളുമായി ചർച്ചക്ക് തയ്യാറാണെന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ പിരിഞ്ഞു പോയി. എന്നാൽ പൊലീസ് നിര്‍ദേശ പ്രകാരം പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിൽ നിന്നും പ്രിൻസിപ്പൽ പിന്മാറിയതോടെ കാര്യങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.
പ്രകോപിതരായ വിദ്യാര്‍ത്ഥികൾ പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കുകയും ക്യാംപസിൻ്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ വര്‍ക്കല പൊലീസ് വീണ്ടും ക്യാംപസിൽ എത്തുകയും കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഒടുവിൽ പുറത്തു നിന്നുള്ളവര്‍ക്ക് പകരം ക്യാംപസിലെ വിദ്യാര്‍ത്ഥികളെ വച്ചു തന്നെ ശിങ്കാരിമേളം നടത്തി ഓണമാഘോഷിക്കാൻ തീരുമാനമായി. ഉപാധികളോടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികളും സമരത്തിൽ നിന്നും പിന്മാറി.
തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേക്കോട്ടെ ഇനി അനായാസം കടക്കം. ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം കിഴക്കേക്കോട്ട കാൽനട മേൽപ്പാലം തുറന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി പോയിന്‍റ് തുറന്ന് നൽകിയ നടൻ പൃഥ്വിരാജായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും ഗതാഗത തിരക്കേറിയ ബസ് സ്റ്റോപ്പിൽ ഇനി മുതൽ അനായാസം റോഡ് മുറിച്ചുകടക്കാമെന്നതാണ് മേൽപ്പാലത്തിന്‍റെ ഗുണം. 4 കോടി രൂപ ചെലവിൽ 104 മീറ്റര്‍ നീളത്തിൽ പണിത കാൽനടമേൽപ്പാലമാണ് ജനങ്ങൾക്ക് സ്വന്തമായത്. ഒട്ടേറെ പ്രത്യേകതകളാണ് മേൽപ്പാലത്തിനുള്ളത്. ചവിട്ടുപടി കയറാൻ ബുദ്ധിമുട്ടുള്ളവര്‍ ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് മാറ്റ് കൂട്ടുന്നു.
അതേസമയം ഉദ്ഘാടന ചടങ്ങിൽ സെൽഫി പോയിന്‍റ് സമർപ്പിക്കാനെത്തിയ നടൻ പൃഥ്വിരാജായിരുന്നു ഏറ്റവുമധികം കയ്യടി നേടിയത്. തിരുവനന്തപുരത്ത് നിന്ന് പ്രശസ്തിയുടെ കൊടുമുടികയറിയവരുടെ ചിത്രങ്ങൾ ഉൾക്കൊളളുന്ന അഭിമാന സ്ഥലാണ് മേൽപ്പാലത്തിലെ ഈ സെൽഫി പോയിന്‍റ്. എൽ ഷെയ്പ്പിൽ രൂപകൽപ്പന ചെയ്ത അന്തപുരിയുടെ പുതുക്കോട്ടയുടെ പരിപാലചനച്ചുമതലയും കരാര്‍ കമ്പനിക്കാണ്.
അതേസമയം ഉദ്ഘാടന ചടങ്ങിലേക്ക് കാറിലെത്തിയതുമുതൽ ഏവരുടെയും ശ്രദ്ധ കവർന്നത് നടൻ പൃഥ്വിരാജായിരുന്നു. മേൽപ്പാലത്തിലെ സെൽഫി പോയിന്‍റ് നാട്ടുകാർക്കായി തുറന്നു നൽകലായിരുന്നു പൃഥ്വിരാജിൽ അർപ്പിതമായ കർത്തവ്യം. ഇതിനായി തലസ്ഥാന മേയർ ആര്യ രാജേന്ദ്രൻ ക്ഷണിച്ചതടക്കമുള്ള വാക്കുകൾ ഏറെ കയ്യടിയോടെയാണ് ആർത്തിരമ്പിയ ജനക്കൂട്ടം സ്വീകരിച്ചത്. എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറയെ കയ്യടിയായിരുന്നു ലഭിച്ചത്. സെൽഫി പോയിന്‍റ് ഉദ്ഘാടനത്തിനായി മേയറുടെ ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ പൃഥ്വി വാക്കുകൾ കൊണ്ടും ഏവരുടെയും മനം കവർന്നു. ജന്മനാട്ടിൽ ലഭിച്ച ഭാഗ്യമെന്നായിരുന്നു നടൻ ഉദ്ഘാടന വേദിയെ വിശേഷിപ്പിച്ചത്. താൻ ജന്മം കൊണ്ട സ്ഥലത്ത് ഇങ്ങനെയൊരു വേദിയിൽ എത്താനായതിലെ സന്തോഷം പൃഥ്വി മറച്ചുവയ്ക്കാതെ പങ്കിട്ടു. താരത്തിന്‍റെ വാക്കുകളെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്.