മക്കളെ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്നാണ് കേരള പൊലീസ് ഒഫീഷ്യല്‍ പേജ് വീഡിയോയ്ക്ക് താഴെ തന്നെ കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നത്. 

പൊതുജനത്തിന് പല വിഷയങ്ങളിലും അവബോധം നല്‍കുന്നതിനായി കേരള പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയയിൽ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. കുറിപ്പുകളോ, ഫോട്ടോകളോ, വീഡിയോകളോ, ട്രോളുകളോ എല്ലാം ഇത്തരത്തില്‍ കേരള പൊലീസ് പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇടയ്ക്കെങ്കിലും ഹൃദ്യമായ ചില ദൃശ്യങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

അത്തരത്തില്‍ ഇന്നലെ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പൊലീസ് തന്‍റെ കുഞ്ഞിനോട് യാത്ര ചോദിക്കുന്നതാണ് വീഡിയോയിലുള്ള രംഗം. 

പ്രായമായൊരു സ്ത്രീയാണ് കുഞ്ഞിനെയെടുത്തിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്. ഡ്യൂട്ടിക്ക് പോകാൻ വേണ്ടി അമ്മ ഒരുങ്ങിയിറങ്ങുമ്പോള്‍ കുസൃതിയോടെ അമ്മയോട് ചിണുങ്ങുകയും കൊഞ്ചുകയുമാണ് കുഞ്ഞുവാവ. 

അമ്മയുടെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും അമ്മയ്ക്ക് ഉമ്മ നല്‍കി, അമ്മയോട് പോകേണ്ടെന്ന് പരിഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെ വീഡിയോ കണ്ടവരെല്ലാം ഒരുപോലെ ഇഷ്ടപ്പെടുകയാണ്. ഇങ്ങനെ 'ക്യൂട്ട്' ആയിരുന്നാല്‍ എങ്ങനെയാണ് അമ്മമാര്‍ കുഞ്ഞുങ്ങളെ വിട്ട് ജോലിക്ക് പോകുകയെന്നാണ് അധികപേരും ചേദിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്നത്. 

മക്കളെ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്നാണ് കേരള പൊലീസ് ഒഫീഷ്യല്‍ പേജ് വീഡിയോയ്ക്ക് താഴെ തന്നെ കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നത്. 

മുമ്പും ഇത്തരത്തിലുള്ള ജീവനുറ്റ വീഡിയോകളാല്‍ ശ്രദ്ധേയമായിട്ടുണ്ട് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ്. മനസിന് വളരെയേറെ 'പോസിറ്റിവിറ്റി' പകരുന്ന, പൊലീസിനോടുള്ള പൊതുജനത്തിന്‍റെ മനോഭാവത്തെ തന്നെ സ്വാധീനിക്കുന്നതാണ് ഇത്തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയ ഇടപെടലുകളുമെല്ലാം. പ്രായോഗികതലത്തിലും ഇതേ കരുതലും ദയാവായ്പും പുലര്‍ത്തണമെന്നേ ഇത് കാണുന്നവര്‍ക്ക് പറയാനുള്ളൂ. 

വീഡിയോ കാണാം...

Also Read:- 'പൊലീസ് സ്റ്റേഷനിൽ കയറി പാടാൻ കഴിയുമോ സക്കീര്‍ ഭായ്ക്ക്?'