കണ്ണൂര്‍: കണ്ണൂരിൽ പോക്സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ ഇ ഡി ജോസഫ് മോശമായി സംസാരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. നാളെ പെൺകുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ കമ്മീഷൻ പൊലീസിൽ നിന്നും സിഡബ്യൂസിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷൻ ഫുൾബെഞ്ച് കൂടി തുടർ നടപടി ആലോചിക്കുമെന്ന് ചെയർമാൻ മനോജ് കുമാർ അറിയിച്ചു.
പോക്സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോൾ ഇ ഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി. പെൺകുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്.
കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബർ 21-ന് പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെൺകുട്ടി രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്.
കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കണ്ണൂർ കുടിയാൻമല പൊലീസ് സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയ്ക്ക് മുന്നിൽ കൗൺസിലിംഗിനായാണ് ഈ പെൺകുട്ടി എത്തിയത്. എന്നാൽ താൻ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗൺസിലർമാർ അടക്കമുള്ളവർക്കൊപ്പം ഇരുന്നാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ ഡി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam