ത്രികോണ മത്സരം ശക്തം, രഹസ്യധാരണ ആരോപണങ്ങളുമായി മുന്നണികൾ, തലസ്ഥാനം ആരെ തുണയ്ക്കും!

Published : Dec 06, 2020, 12:46 PM ISTUpdated : Dec 06, 2020, 12:53 PM IST
ത്രികോണ മത്സരം ശക്തം, രഹസ്യധാരണ ആരോപണങ്ങളുമായി മുന്നണികൾ, തലസ്ഥാനം ആരെ തുണയ്ക്കും!

Synopsis

മൂന്ന് മുന്നണികളും ഒരു പോലെ ജന പിന്തുണയും വിജയപ്രതീക്ഷയും അവകാശപ്പെടുന്ന തിരുവനനന്തപുരത്ത് പ്രചാരണം അവസാനഘട്ടത്തിൽ ചൂട് പിടിച്ചിരിക്കുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിലാണ്. മൂന്ന് മുന്നണികളും ഒരു പോലെ ജന പിന്തുണയും വിജയപ്രതീക്ഷയും അവകാശപ്പെടുന്ന തിരുവനനന്തപുരത്ത് പ്രചാരണം അവസാനഘട്ടത്തിൽ ചൂട് പിടിച്ചിരിക്കുന്നു.  പരസ്പരം രഹസ്യധാരണയെന്ന ആരോപണങ്ങളാണ് ഇത്തവണയും അവസാന ഘട്ടത്തിൽ  മുന്നണികൾ ഉയർത്തുന്നത്. 

പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം, യുഡിഎഫും-ബിജെപിയും സയാമീസ് ഇരട്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി ആദ്യമെത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതോടെ കടകംപള്ളിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എംഎല്‍എയും രംഗത്തെത്തി. തിരുവനന്തപുരത്ത് പരാജയം മുന്നിൽ കണ്ടാണ് കോണ്‍ഗ്രസ്- ബിജെപി ബന്ധം ആരോപിച്ച് സിപിഎം രംഗത്ത് വന്നതെന്നും ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താനുള്ള നിലപാടുകളാണ് കോൺഗ്രസ് തിരുവനന്തപുരത്തും  സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഗീയതക്കെതിരെ എന്നും നിലപാടെടുത്തിട്ടുള്ളത് യുഡിഎഫാണ്. എല്‍ഡിഎഫിന്‍റെ ഭരണ പരാജയം ജനം വിലയിരുത്തുമെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു. 

എന്നാൽ തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ്-യുഡിഎഫ് രഹസ്യധാരണ മറച്ചുവക്കാനാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് തിരുവനന്തപുരത്ത് അവസാനഘട്ട പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. എൽഡിഎഫിനെയും യുഡിഎഫിനെയും ജനം കയ്യൊഴിയുമെന്നും ബിജെപിക്ക് നഗരസഭ ഭരണം ഉറപ്പെന്നും കുമ്മനം വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും  ഒരേ തൂവൽപക്ഷികളാണ്. എൻഡിഎയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ജില്ലയിൽ പര്യടനം നടത്തുമ്പോൾ അത് മനസിലാകുന്നുണ്ടെന്നും കുമ്മനം കൂട്ടിച്ചേർത്തു. 

ഏതായാലും അവസാന ഘട്ടത്തിലെത്തുമ്പോൾ മുന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. ഭരണത്തുടർച്ച നേടാൻ എൽഡിഎഫിന് സാധിക്കുമോ, യുഡിഎഫ് മുന്നേറുമോ, കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിജെപി അതാവർത്തിക്കുമോയെന്നുമാണ് തിരുവനന്തപുരത്ത്കാരും രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു