മദ്യവിൽപ്പനശാലകൾക്കു മുമ്പിൽ പൊലീസിനെ നിയോഗിക്കും; ടോക്കണില്ലാത്തവരെ സമീപത്തേക്ക് പോലും പ്രവേശിപ്പിക്കില്ല

By Web TeamFirst Published May 27, 2020, 10:28 PM IST
Highlights

 ഇ- ടോക്കൺ ഇല്ലാത്ത ആർക്കും  മദ്യവിൽപ്പനശാലകൾക്കു സമീപം പ്രവേശനം അനുവദിക്കില്ലെന്നും പൊലീസ്.

തിരുവനന്തപുരം: മദ്യവിൽപ്പനശാലകൾക്കു മുന്നിൽ വ്യാഴാഴ്ച മുതൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. ഇ- ടോക്കൺ ഇല്ലാത്ത ആർക്കും  മദ്യവിൽപ്പനശാലകൾക്കു സമീപം പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. യഥാർഥത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വീടിനു പുറത്തിറങ്ങിയതായി മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.

അതേസമയം, സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കൊഴിവാക്കാൻ ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന് വ്യാജൻ പ്രചരിക്കുന്നു. മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി സ്‌പർജൻ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
 

click me!