ദൈര്‍ഘ്യമേറിയ ഒരു മദ്യനിരോധനകാലം; കേരളത്തില്‍ വീണ്ടും മദ്യം എത്തുമ്പോള്‍

Published : May 27, 2020, 09:20 PM ISTUpdated : May 27, 2020, 09:26 PM IST
ദൈര്‍ഘ്യമേറിയ ഒരു മദ്യനിരോധനകാലം; കേരളത്തില്‍ വീണ്ടും മദ്യം എത്തുമ്പോള്‍

Synopsis

പലഘട്ടത്തിലും സംസ്ഥാനത്ത് ഉയര്‍ന്നു വന്ന ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന ആശയം നടപ്പാകാന്‍ പോകുന്നു. എന്നും വിവാദങ്ങളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ള കേരളത്തിന്‍റെ മദ്യനയങ്ങളില്‍ ആ പതിവ് തെറ്റാതെയാണ് പുതിയ പരിഷ്കാരവും യാഥാര്‍ത്ഥ്യമാകുന്നത്.

''ഓ... ആദ്യത്തെ ദിവസമൊക്കെ വല്യ കഷ്ടായിരുന്നു... പിന്നെ അങ്ങോട്ട് ശീലായി... ഇനി ഇപ്പോള്‍ ആപ്പ് ഒക്കെ വരട്ടെ... അന്നിട്ട് അടിക്കാം...'' തിരുവനന്തപുരം നഗരവാസിയായ സന്തോഷേട്ടന്‍ സന്തോഷത്തിലാണ്. കാരണം വേറൊന്നുമല്ല, സര്‍ക്കാര്‍ ഓണ്‍ലൈനായി മദ്യവിതരണത്തിന് തയാറെടുക്കുകയാണല്ലോ..! ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ച ആദ്യ ദിവസങ്ങള്‍ തള്ളി നീക്കാന്‍ വലിയ പ്രയാസമായിരുന്നുവെന്ന് സന്തോഷേട്ടന്‍ പറയുന്നു.

പക്ഷേ, നാട്ടിലെ അവസ്ഥകള്‍ കാണുമ്പോള്‍ പതിയെ അതൊക്കെ മാറി. നമ്മുടെ കൂടെ സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ സര്‍ക്കാര്‍ ബിവറേജ് ഒക്കെ അടച്ചിട്ടത്. അപ്പോ നമ്മളും കൂടെ നില്‍ക്കണല്ലോ... ഇനി സര്‍ക്കാര് തരുമ്പോള്‍ വാങ്ങി കുടിക്കും... സന്തോഷേട്ടന്‍ പറഞ്ഞ് അവസാനിപ്പിച്ചു. കേരള 'മദ്യചരിത്രത്തിലെ' ഒരു സുപ്രധാന ഏടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ എഴുതിചേര്‍ക്കാന്‍ പോകുന്നത്. പലഘട്ടത്തിലും സംസ്ഥാനത്ത് ഉയര്‍ന്നു വന്ന ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന ആശയം നടപ്പാകാന്‍ പോകുന്നു. എന്നും വിവാദങ്ങളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ള കേരളത്തിന്‍റെ മദ്യനയങ്ങളില്‍ ആ പതിവ് തെറ്റാതെയാണ് പുതിയ പരിഷ്കാരവും യാഥാര്‍ത്ഥ്യമാകുന്നത്.

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയപ്പോഴും അത് വേണ്ടെന്ന് വച്ച് കേരളം മാറി നിന്നു. സംസ്ഥാനം മദ്യനിരോധനത്തിലേക്കാണോ പോകുന്നതെന്ന് സംശയക്കണ്ണുകളോടെ നോക്കിയവര്‍ ഏറെയാണ്. എന്നാല്‍, മദ്യനിരോധനത്തിലേക്കല്ല, 'ഹൈടെക്ക്' മദ്യവില്‍പ്പനയിലേക്കാണ് പോകുന്നതെന്ന് കാലം തെളിയിച്ചു. കേരളത്തോളം തന്നെ പഴക്കമുള്ള മദ്യനിരോധനം എന്ന ആശയത്തോട് വീണ്ടും 'നോ' എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിളിച്ചുപറഞ്ഞിരിക്കുന്നു.

കേരളത്തിലോ... മദ്യനിരോധനമോ?

ഇന്ത്യയില്‍ ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലുള്ള മലബാര്‍ പ്രദേശത്തും തിരു കൊച്ചി സംസ്ഥാനത്തും മദ്യ നിരോധനം നിലവിലുണ്ടായിരുന്നു. എന്നാല്‍, 1967 ലെ ഇഎംഎസ് സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യ നിരോധനം പൂര്‍ണമായി എടുത്തുകളഞ്ഞു.

1967 ഏപ്രില്‍ 26നാണ് മദ്യനിരോധനം പിന്‍വലിക്കുന്ന ഉത്തരവ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 1966 സെപ്റ്റംബറില്‍  സപ്തകക്ഷി മുന്നണി പുറപ്പെടുവിച്ച നയസമീപന രേഖയില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ''ഇന്നത്തെ മദ്യവര്‍ജനനയം ദയനീയമായി പരാജയപ്പെട്ടിരിക്കുവെന്ന യാഥാര്‍ത്ഥ്യത്തെ പരിഗണിച്ച്, വിഷലിപ്തമായ വ്യാജമദ്യങ്ങളുപയോഗിച്ച് ആരോഗ്യഹാനി വരുത്തുന്നതിന്റെ അപകടത്തെ ഒഴിവാക്കുന്നതിന് മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ പരമാവധി നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനു പ്രശ്‌നം പുനഃപരിശോധിക്കുന്നതാണ്'.

അധികാരത്തിലെത്തിയതിന് പിന്നാലെ മദ്യനിരോധനം സര്‍ക്കാര്‍ പൂര്‍ണമായി എടുത്തു കളഞ്ഞു. പിന്നീട് ഇതുവരെ കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ചരിത്രരേഖകള്‍ പറയുന്നു.

കേരളം പകച്ചുപോയ മദ്യദുരന്തങ്ങള്‍

1982 സെപ്റ്റംബറിലെ തിരുവോണ നാളിലേക്ക് സന്തോഷത്തോടെ ഉണര്‍ന്ന കേരളം കേട്ടത് ഒരു ദുരന്തവാര്‍ത്തയാണ്. വൈപ്പിനില്‍ നടന്ന മദ്യദുരന്തത്തില്‍ 76 പേര്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. വിഷമദ്യം കുടിച്ച് മരണപ്പെട്ടവരുടെ എണ്ണം ഇതിലുമേറെയാണെന്നാണ് പറയപ്പെടുന്നത്. മരണങ്ങള്‍ക്ക് പുറമെ നിരവധി പേര്‍ക്ക് കാഴ്ചശക്തിയും ചലനശേഷിയും നഷ്ടമായി.

ഇന്നും വൈപ്പിന്‍കാരുടെ നെഞ്ചില്‍ ആ വേദന മായാതെ നില്‍ക്കുന്നുണ്ട്. കേരളത്തെ പിടിച്ചുലച്ച മറ്റൊരു വിഷമദ്യ ദുരന്തമുണ്ടായത് കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിലാണ്. 2000 ഒക്ടോബര്‍ 21ന് വിഷമദ്യം കുടിച്ച് ജീവന്‍ നഷ്ടമായത് ആകെ 33 പേര്‍ക്കാണ്.

മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്. ഇതുകൂടാതെ, തിരൂര്‍, കുപ്പണ, പുനലൂര്‍, മലപ്പുറം എന്നിങ്ങനെ ചിലരുടെ പണക്കൊതി കാരണം വിഷമദ്യം കുടിച്ച് ജീവന്‍ പൊലിഞ്ഞ നിരവധി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ആന്‍റണിയുടെ ചാരായനിരോധനം

കേരളത്തിന്‍റെ മദ്യചരിത്രത്തില്‍ പിന്നീടുണ്ടായ സുപ്രധാനമായ സംഭവം 1996ല്‍ എ കെ ആന്‍റണി സര്‍ക്കാര്‍ കൊണ്ടു വന്ന ചാരായ നിരോധനമാണ്. 1996 ഏപ്രില്‍ ഒന്നിനാണ് കേരളത്തില്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് മുഖ്യപ്രചാരണ വിഷയമാക്കിയത് ഇതായിരുന്നു.

 

പക്ഷേ, വിജയം നേടാന്‍ അവര്‍ക്കായില്ലെന്നുള്ളത് ചരിത്രം. പ്രതിവര്‍ഷം 250 കോടിയാണ് ചാരായവില്‍പ്പനയിലൂടെ വരുമാനം കേരളത്തിന് ലഭിച്ചിരുന്നത്. പിന്നീട് വന്ന നായനാര്‍ സര്‍ക്കാര്‍ ചാരായം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചുമില്ല. 1996ല്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എ കെ ആന്‍റണി പറഞ്ഞിതങ്ങനെ.

'' കേരളത്തെ രക്ഷിക്കണം, നമുക്ക് ഓരോരുത്തര്‍ക്കും രക്ഷപ്പെടണം. കേരളത്തിന് ഏറ്റവും എളുപ്പത്തില്‍ പണം കിട്ടുന്നത് മദ്യം വിറ്റാണ്. പത്തുമുന്നൂറ്റമ്പത് കോടിയാണ് ചാരായക്കാരില്‍ നിന്ന് മാത്രം കിട്ടുന്ന നികുതി. സര്‍ക്കാര്‍ തീരുമാനിച്ചു, ആ പണം വേണ്ട. അത് ചീത്ത പണമാണ്. നമുക്ക് ആ പണം ഉപേക്ഷിച്ച് നാടിനെ രക്ഷിക്കണം.

വിവാദചഷകത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ മദ്യനയം

1996ലെ ചാരായനിരോധനത്തിന് ശേഷം കേരളത്തില്‍ പിന്നീട് മദ്യനയത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് വന്ന ചരിത്ര തീരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനം വന്നതായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.

സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ മദ്യ വില്‍പ്പന ശാലകളെല്ലാം പൂട്ടണമെന്ന ആവശ്യവുമായി അന്നത്തെ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നിലപാടെടുത്തു. കേരളത്തിലെ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുമാനിച്ചു. ഒപ്പം 312 ബാറുകള്‍ക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു.

 

2014 ഏപ്രില്‍ ഒന്ന് മുതല്‍ ബാറുകള്‍ പൂട്ടണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവും പിന്നാലെ വന്നു. ഓരോ വര്‍ഷവും 10 ശതമാനം ബിവറേജസ് ഔട്ട്‍‍ലെറ്റുകള്‍ പൂട്ടി 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. പക്ഷേ, സര്‍ക്കാരിന് കടുത്ത നിലപാടുകളില്‍ അധികം വൈകാതെ ഇളവ് നല്‍കേണ്ടി വന്നു. ഞായറാഴ്ചകളിലെ മദ്യനിരോധനം പിന്‍വലിക്കേണ്ടി വന്നു, ഒപ്പം പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ നല്‍കേണ്ടിയും വന്നു.

ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ കോഴയാരോപണങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിക്കും മങ്ങലേല്‍പ്പിച്ചു. പിന്നീട് മദ്യനിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. യു‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ട് വന്ന പല നിയന്ത്രണങ്ങളിലും ഇടത് സര്‍ക്കാര്‍ ഇളവ് കൊണ്ട് വന്നു.

കുടിച്ചാഘോഷിക്കുന്ന മലയാളി

ഹര്‍ത്താല്‍ വന്നാലും ഓണം വന്നാലും ക്രിസ്മസ് വന്നാലും മദ്യവില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കും. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് മലയാളി കുടിച്ച് തീര്‍ത്തത് 457 കോടി രൂപയുടെ മദ്യമാണ്. ഉത്രാടദിനത്തില്‍ മാത്രം അന്ന് 90.32 കോടിയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്.

ക്രിസ്മസിനും ഇതിന് മാറ്റം ഒന്നും വന്നില്ല. ക്രിസ്മസ് തലേന്ന് മാത്രം 51.65 കോടിയുടെ മദ്യം വിറ്റുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്‍ലെറ്റുകളുടെ മാത്രം കണക്കാണ് ഇത്. ബാറുകളിലെയും മറ്റും കണക്കുകള്‍ കൂടിയെടുത്താല്‍ എന്താകും അവസ്ഥയെന്ന് പറയണ്ട ആവശ്യമില്ലല്ലോ...!

ഇനി 'ഹൈടെക്ക്' കുടി

കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടിയത്. നീണ്ട അറുപതോളം ദിവസങ്ങള്‍ ശേഷമാണ് ഇനിയിപ്പോള്‍ കേരളത്തില്‍ മദ്യം ലഭിക്കുന്നത്. നാലാം ഘട്ടത്തിലേക്ക് രാജ്യത്ത് ലോക്ക്ഡൗണ്‍ നീണ്ടതോടെയാണ് ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

"

ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പുറമെ പ്രധാന വരുമാനമാര്‍ഗമായ മദ്യഷോപ്പുകള്‍ അടച്ചിട്ടത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയിലൂടെ വലിയ വരുമാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

മദ്യവിമുക്തമാക്കാന്‍ വിമുക്തി

സംസ്ഥാനത്തെ മദ്യാസക്തിയുടെ ചങ്ങല പൊട്ടിക്കാന്‍ കേരളത്തിലെ എക്സൈസ് വകുപ്പിന്‍റെ കീഴില്‍ ആരംഭിച്ച പദ്ധതിയാണ് വിമുക്തി. കൊവിഡ് പശ്ചാത്തലത്തില്‍ മദ്യഷോപ്പുകള്‍ പൂട്ടിയപ്പോള്‍ പ്രശ്നമുണ്ടാകുന്നവര്‍ വിമുക്തിയുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മദ്യം കാണാന്‍ പോലും കിട്ടാത്ത ഈ കാലയളവില്‍ എത്രപേരാണ് വിമുക്തി സെന്‍ററുകളില്‍ പോയത്. കണക്കുകള്‍ ഇങ്ങനെ: ആകെ 2340 പേരാണ് സംസ്ഥാനത്തെ വിമുക്തി സെന്‍ററുകളില്‍ ചികിത്സ തേടിയത്. ഇതില്‍ 255 പേരെയാണ് കിടത്തി ചികിത്സിച്ചത്. 897 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മെയ് 25 വരെയുള്ള കണക്കാണിത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട