പണം വാങ്ങി സ്വകാര്യബസ്സുകളെ സംരക്ഷിക്കുന്നു; പൊലീസിനെതിരെ കെഎസ്ആര്‍ടിസി യൂണിയനുകള്‍

By Web TeamFirst Published Mar 6, 2020, 7:57 AM IST
Highlights

സ്വകാര്യ ബസ്സുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്‍ മോട്ടാര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കട്ടെയെന്ന് പൊലീസിന്‍റെ നിലപാട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകളെ ,പണം വാങ്ങി പൊലീസ് സംരക്ഷിക്കുന്നുവെന്ന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍. പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് യൂണിയനുകൾ പറയുന്നു. 

1991 ലെ കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരത്തെത്തുടര്‍ന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. പിന്നീടത് സ്ഥിരം സംവിധാനമായി. നിരവധി കേസുകളും കോടതി നടപടിയും ഉണ്ടായി. നഗരത്തില്‍ ഇപ്പോള്‍ 90 സ്വകാര്യ ബസ്സുകളാണ് പെര്‍മിറ്റോടെ സര്‍വ്വീസ് നടത്തുന്നത്. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് നഗര ഹൃദയമായ കിഴക്കേ കോട്ടയില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാനോ, അവസാനിപ്പിക്കാനോ അനുമതിയില്ല.

കിഴക്കേകോട്ടയില്‍ അനുവദിച്ചിരിക്കുന്ന സ്റ്റോപ്പില്‍ പരമാവാധി 3 മിനിട്ട് നിര്‍ത്തി യാത്രക്കാരെ കയറ്റാം. എന്നാല്‍ യാത്രക്കാരെ കിട്ടാത്ത ട്രിപ്പുകള്‍ ഒഴിവാക്കി കിഴക്കേ കോട്ടയില്‍ കൂടുതല്‍ സമയം ചെലവിട്ട് തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നുവെന്നും, ഗതാഗത കുരുക്ക് ഉണ്ടാക്കുന്നുവെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ആക്ഷേപം. പരാതികളില്‍ നടപടി ഉണ്ടായില്ല

സ്വകാര്യ ബസ്സുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്‍ മോട്ടാര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കട്ടെയെന്ന് പൊലീസിന്‍റെ നിലപാട്. ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളുടെ മാര്‍ച്ചും പ്രതിഷേധവും നിത്യസംഭവമായ തലസ്ഥാന നഗരത്തില്‍ സമയക്രമം പാലിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബസ്സുടമകളുടെ വിശദീകരണം.

click me!