എസ്എഫ്ഐ അക്രമത്തിന് പൊലീസ് കാവല്‍ നില്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

By Web TeamFirst Published Nov 30, 2019, 4:36 PM IST
Highlights

യൂണിവേഴ്സിറ്റി കോളജിന് ഏക സംഘടനാ ക്യാമ്പസ് ആക്കി മാറ്റാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത് അത്യന്തം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂണിവേഴ്സിറ്റി കോളജിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പെൺകുട്ടികൾ അടക്കം നിരവധി കെഎസ്‌‍യു പ്രവർത്തകരെ ആക്രമിച്ചു.

ഈ സംഭവം അറിഞ്ഞ് യൂണിവേഴ്സിറ്റി കോളജിൽ എത്തിയ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത് അടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ഭീകരമായ അക്രമമാണ് എസ്എഫ്ഐ അഴിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.

യൂണിവേഴ്സിറ്റി കോളജിന് ഏക സംഘടനാ ക്യാമ്പസ് ആക്കി മാറ്റാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള സാഹചര്യം സർക്കാർ ഒരുക്കണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടി അടിയന്തരമായി സർക്കാർ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. അകേസമയം, യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ- കെഎസ്‍യു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ യൂണിവേഴ്‍സിറ്റി ഹോസ്റ്റലിൽ പൊലീസ് മിന്നൽ റെയ്‍ഡ് നടത്തിയിരുന്നു.

ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്‍സിറ്റി കോളജ് ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോസ്റ്റലിന്‍റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്.

click me!