തീവ്രവാദികളെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം; തമിഴ്‌നാട്ടിൽ ഷൂട്ടിംഗിന് പോയ മലയാളിയുടെ പരാതിയില്‍ നടപടി

By Web TeamFirst Published Feb 12, 2020, 7:24 AM IST
Highlights

മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നു. ഇന്ന് ഒരു വാഹനം അവിടെ കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ടവരാണെന്നുമായിരുന്നു വ്യാജ പോസ്റ്റില്‍ പറയുന്നത്.

പാലക്കാട്: തമിഴ്‌നാട്ടിലെ മരുതമലൈയിൽ വിവാഹ ഷൂട്ടിങ്ങിന് പോയ മലയാളി ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമൂഹികമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് മാട്ടായ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷംനാദിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

വെള്ളേപ്പം എന്ന മലയാള ചിത്രത്തിൽ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമെതിരെ ഈ മാസം എട്ടാം തിയതി മുതൽ സമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടക്കുന്നുവെന്നാണ് പരാതി. ഷിഹാബിനൊപ്പമുണ്ടായിരുന്ന ഷംനാദ് എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ സഹിതമാണ് വ്യാജപ്രചരണമെന്നാണ് പരാതിയിൽ പറയുന്നത്. 

വിവാഹത്തിന്‍റെ ഔട്ട് ഡോർ ഷൂട്ടിങ്ങിന് കോയമ്പത്തൂരിലെ മരുതമലൈയിൽ എത്തിയതായിരുന്നു സംഘം. സഞ്ചരിക്കുന്നതിനിടെ മരുതമലൈ ക്ഷേത്രത്തിന് സമീപം കാർ നിർത്തി വെള്ളം കുടിക്കാനിറങ്ങി. അവിടെ നിന്നുള്ള ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ഷംനാദ് പറയുന്നത്. തമിഴ്‌നാട് സ്‌പെഷ്യല്‍ബ്രാഞ്ചിൽ നിന്ന് ഫോണ്‍ കോൾ വന്നതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണത്തെ കുറിച്ച് ഷംനാദ് അറിയുന്നത്. 

തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവൻ ഇവരുടെ ചിത്രങ്ങളെടുത്ത് 'മോദി രാജ്യം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇടുകയായിരുന്നു. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നു. ഇന്ന് ഒരു വാഹനം അവിടെ കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്നുമായിരുന്നു പോസ്റ്റില്‍ പറയുന്നത്. അതിന് ചുവടെ അവര്‍ തീവ്രവാദികളായിരിക്കുമെന്നും എൻ ഐ എ ടാഗ് ചെയ്യൂ തുടങ്ങിയ കമന്‍റുകളുമെത്തി. പോസ്റ്റിനൊപ്പം കാറിന്‍റെ നമ്പറും ചേര്‍ത്തിരുന്നു. ഇതോടെയാണ് ജീവന് ഭീഷണിയുണ്ടെന്ന്കാണിച്ച് ഷംനാദ് പാലക്കാട് തൃത്താല പൊലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതോടെ എസ് ശ്രീനിവാസ രാഘവൻ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു.

click me!