കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

By Web TeamFirst Published Jan 6, 2021, 9:50 AM IST
Highlights

കുട്ടിയെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ കരിയിലകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇനിയും സൂചനകളൊന്നും കിട്ടിയിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതിനു  സമീപത്തെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. മേഖലയിലൂടെ കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് കരിയിലകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  രണ്ട് ദിവസം പ്രായമുളള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുളള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും തിരുവനന്തപുരത്ത് ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. 

click me!