തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കി പൊലീസ്

Published : Dec 16, 2022, 11:44 PM IST
തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കി പൊലീസ്

Synopsis

കോര്‍പ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. പിൻവാതിൽ നിയമന നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. അറസ്റ്റ് നടപടികൾക്കിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോര്‍പ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൗണ്‍സിലര്‍മാരെ സസ്പെൻഡ് ചെയ്ത മേയറുടെ നടപടി റദ്ദാക്കണം, വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇടത് കൗണ്‍സിലര്‍ ഡിആര്‍ അനിലിനെതിരെ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. 

തിരുവനന്തപുരം നഗരസഭയിൽ മേയറുടെ കത്ത് വിവാദത്തെ ചൊല്ലി പ്രതിപക്ഷ കൗൺസിലര്‍മാരും ഇടത് അംഗങ്ങളും തമ്മിൽ ഇന്ന് സംഘര്‍ഷമുണ്ടായിരുന്നു.  കൗൺസിൽ യോഗം അലങ്കോലമാക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ച് ഒമ്പത് ബിജെപി കൗൺസിലര്‍മാരെ സസ്പെൻഡ് ചെയ്തു. മേയര്‍ ആര്യ രാജേന്ദ്രൻ രാജി വയ്ക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ബിജെപി കൗൺസിലര്‍മാര്‍ കൗൺസിൽ ഹാളിൽ 24 മണിക്കൂര്‍ രാപ്പകൽ സമരത്തിലായിരുന്നു. ഇതിനിടെയാണ് രാത്രിയോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. 

കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട മേയറുടേയും കൗൺസിലറുടേയും കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഭരണ നിര ഇന്നത്തെ കൗൺസിൽ യോഗത്തിന് എത്തിയത്. മേയര്‍ക്ക് ഗോ ബാക്ക് വിളിച്ച് ബാനറുകളും കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി യുഡിഎഫും ബിജെപിയും രംഗത്തുവന്നു. മേയറുടെ വഴി തടസപ്പെടുത്താനും രജിസ്റ്റര്‍ പിടിച്ച് വാങ്ങി ഒപ്പിടാനും പ്രതിഷേധക്കാര്‍   ശ്രമിച്ചതോടെ സംഘര്‍ഷം പിടിവിട്ടു. സംഘര്‍ഷത്തിന് പിന്നാലെ ഒമ്പത് ബിജെപി കൗൺസിലര്‍മാര്‍ക്ക് സസ്പെൻഷൻ കിട്ടി. ഇവരെ കൗണ്‍സിൽ ഹാളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ നിരയും മുന്നോട്ട് ഇറങ്ങിയതോടെ രംഗം ആകെ വഷളായി. 
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും