വോട്ടർമാരെ പൊലീസുകാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; പീരുമേട്ടിൽ റീപോളിംഗ് ആവശ്യപ്പെട്ട് എൽഡിഎഫ്

By Web TeamFirst Published Dec 11, 2020, 8:09 PM IST
Highlights

പൊലീസിന്‍റെ ഭീഷണി നിമിത്തം പണി കഴിഞ്ഞെത്തിയ തോട്ടം തൊഴിലാളികൾക്ക് വോട്ട് ചെയ്യാനായില്ലെന്നും റീപോളിംഗ് നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. 

പീരുമേട്: വോട്ടെടുപ്പിനിടെ പൊലീസ് ഇൻസ്പെക്ടർ വോട്ടർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇടുക്കി പീരുമേട് എസ്എച്ച്ഒ ശിവകുമാറിനെതിരെയാണ് പരാതി. ഇൻസ്പെക്ടർ തോക്കുമായി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പോളിംഗ് ബൂത്തിനടുത്ത് മദ്യലഹരിയിൽ കൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം.

കഴിഞ്ഞ എട്ടാം തീയതി ഇടുക്കിയിൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. പീടുമേട് പഞ്ചായത്ത് രണ്ടാം വാർഡിലെ പോളിംഗ് ബൂത്തായ ഗ്ലെൻമേരി എൽപി സ്കൂളിന് മുന്നിൽ കൂടി നിന്നവർക്കിടയിലേക്കാണ് പീരുമേട് എസ്എച്ച്ഒ ശിവകുമാർ സർവീസ്  പിസ്റ്റളുമായി എത്തിയത്.

പൊലീസിന്‍റെ ഭീഷണി നിമിത്തം പണി കഴിഞ്ഞെത്തിയ തോട്ടം തൊഴിലാളികൾക്ക് വോട്ട് ചെയ്യാനായില്ലെന്നും റീപോളിംഗ് നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ഡിജിപിയ്ക്കും പരാതി നൽകി. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൂത്തിന് മുന്നിൽ കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വാഹനത്തിൽ നിന്നെടുത്ത തോക്ക് ഉറയില്ലാത്തതിൽ കയ്യിൽ വയ്ക്കുകയായിരുന്നുവെന്നും പീരുമേട എസ്എച്ച്ഒ വിശദീകരിച്ചു.

click me!