
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തന്‍റെ തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല. വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാം. ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈ തട്ടി തലയിൽ വീണതാണ്. പൊലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. അന്വേഷണം ആവശ്യമില്ല എന്ന് പറഞ്ഞ് ഡിജിപിക്ക് താൻ കത്ത് നൽകിയിട്ടുണ്ടെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കൊല്ലത്ത് കെഎസ്ആർടിസിയുടെ സ്ത്രീ സൌജന്യ യാത്രയുടെ ഉദ്ഘാടന ദിവസമാണ് മന്ത്രിയുടെ തലയിൽ ചൂടുപായസം വീണത്. ബസിലെ ആദ്യ യാത്രയിലെ തിരക്കിനിടെ ആയിരുന്നു ഇത്. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴാണ് മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ മന്ത്രി സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam