
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് (Vijay Babu) പണത്തിനായി ക്രഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ദുബായിൽ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാർഡ് വിജയ് ബാബുവിന് കൈമാറിയത്. വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കന്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ കൈമാറിയത്. ദുബൈയിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാർഡുകൾ കൈമാറിയതെന്നാണ് വിവരം.
കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്‍റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. യുവനടിയെ കൂടാതെ മറ്റു ചിലരും ഒളിവിലുള്ള വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.
ഇതിനിടെ വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുള്ള തുടർനടപടികൾ കൊച്ചിയിൽ ചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചർച്ച ചെയ്യും. റെഡ് കോർൺർ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് ശ്രമം.
അതേസമയം ബലാത്സംഗ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.
ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗികബന്ധമെന്ന് വിജയ് ബാബു
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
എന്നാൽ, വിജയ് ബാബു പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചു. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam