
കൊച്ചി: ബ്ലാക്ക് മെയിൽ കേസിൽ ചലച്ചിത്ര നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. വിവാഹതട്ടിപ്പിനായി പ്രതികൾ ഷംനയുടെ വീട്ടിൽ പോയി വന്ന ശേഷം ഇയാൾ വീട്ടിൽ വന്നെന്ന ഷംന പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
വീഡിയോ കോൺഫറൻസ് വഴി ഷംന കാസിം പൊലീസിന് നൽകിയ മൊഴിയിലാണ് നിർമ്മാതാവിൻ്റെ സന്ദർശനത്തെക്കുറിച്ച് പറയുന്നത്. ജൂൺ 20-നാണ് ഈ നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുകാർ നടിയെ ബന്ധപ്പെട്ടപ്പോൾ ഒരു നിർമ്മാതാവിനേയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്.
വീട്ടുകാർ ഇക്കാര്യം നിർമ്മാതാവിനോട് പറഞ്ഞപ്പോൾ കൈയിലുള്ള ഫോൺ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അതിൻ്റ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചത്. നിർമ്മാതാവിനെ ഷംനയെന്ന പേരിൽ മാറ്റാരെങ്കിലും സമീപിച്ചിരിക്കാനുള്ള സാധ്യതയും പൊലീസിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ ചിത്രം വ്യക്തമാവൂ എന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം ചലച്ചിത്രതാരങ്ങളുടെ ഫോൺ നമ്പറുകൾ അപരിചതർക്ക് കൈമാറരുതെന്ന് ചലച്ചിത്ര സംഘടനയായ ഫെഫ്ക അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷൻ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്ത് അയച്ചിട്ടുണ്ട്. ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ഓഡിഷൻ ഏജൻസികളും കാസ്റ്റിംഗ് ഡയറക്ടര്‍മാരും ഇനി മുതല്‍ ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഓഡിഷൻ ഏജൻസികളെക്കുറിച്ച് സംശയം തോന്നിയാല്‍ ഫെഫ്കയില്‍ പരാതിപ്പെടാനും സൗകര്യമുണ്ടാവുംയ ഇതിനായി ടോള്‍ ഫ്രീ നമ്പറും ഫെഫ്ക തയ്യാറാക്കും
ബ്ലാക്ക് മെയിൽ കേസിൽ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയുടെ ഭാര്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ദുബായിൽ ഉള്ള വരന്റെ ഉമ്മ സുഹറ ആയി അഭിനയിച്ച വാടാനപ്പള്ളി സ്വദേശി ആയ വീട്ടമ്മയെ ആണ് ചോദ്യം ചെയ്യുക. നിരവധിവട്ടം വ്യാജ പേരിൽ മുഖ്യ പ്രതിയുടെ ഭാര്യ ഷംന കാസിമിനെ ഫോണിൽ വിളിച്ചിട്ടുണ്ട്.
തട്ടിപ്പിന് ഈ വീട്ടമ്മയും കൂട് നിന്നെന്നായിരുന്നു ഷംന കാസിം നൽകിയ മൊഴി. കേസിൽ തട്ടിപ്പ് സംഘം വഞ്ചിച്ച കൂടുതൽ യുവതികളുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഒളിവിലുള്ള കൂടുതൽ പ്രതികൾക്കായി പോലീസ് കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam