
കൊച്ചി : കേരള സ്റ്റേറ്റ് ഇൻ്റസ്ട്രിയൽ എന്റർപ്രൈസിസ് എംഡിയായ ഡോ.ശ്രീകുമാറിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ മ്യൂസിയം പൊലീസ് അപേക്ഷ നൽകി. ഓഫീസിൽ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ശ്രീകുമാർ പെരുമാറിയെന്നാണ് പരാതി. എന്നാൽ പിഎഫിലെ അടക്കം ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ പരാതിയെന്നാണ് ശ്രീകുമാർ പറയുന്നത്. രഹസ്യമൊഴിക്കു ശേഷമായിരിക്കും ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തു.
കെ എസ് ഐ ഇ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് ഡോ.ബി.ശ്രീകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഓഫീസിൽ വച്ച് ലൈംഗികചുവയോടെ പെരുമാറിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ബിഎൻഎസ് 75,78 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത ദിവസം ഉദ്യോഗസ്ഥയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.