
തിരുവനന്തപുരം കഫ് സിറപ്പ് ഉപയോഗിക്കുന്നതിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നൽകരുതെന്നാണ് നിര്‍ദേശം. ഡോക്ടറുടെ പഴയ കുറിപ്പടി വെച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുതെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്‍റ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകുക. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ വിൽപ്പന തടയുന്നതിനും പരിശോധന ശക്തമാക്കാനുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകാതിരിക്കുന്നതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി പ്രസിഡന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ യോഗത്തിൽ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.
കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപമായി നടത്തിയ പരിശോധനയിൽ കോൾഡ്രിഫിന്‍റെ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അനുവദനീയമായതിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ശേഖരിച്ചും പരിശോധന തുടരും. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ മരുന്ന് വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കും സർക്കുലർ അയച്ചിരുന്നു. മരുന്ന് കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകരുതെന്ന നിർദ്ദേശവുമുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനത്ത് കർശന നിരീക്ഷണം ഉറപ്പാക്കുാനും തീരുമാനമുണ്ട്.
അതേസമയം, വിഷമരുന്ന് ഉൽപാദിപ്പിച്ച തമിഴ്നാട്ടിലെ മരുന്ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. മധ്യപ്രദേശിലെ ചിന്ത്വാരയിലെ 14 കുട്ടികളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പ് മൂന്ന് സംസ്ഥാനങ്ങൾകൂടി നിരോധിച്ചു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അടിയന്തര യോഗത്തിലാണ് മരുന്നുൽപാദിപ്പിച്ച ശ്രേഷൻ ഫാർമ കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനമെടുത്തത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ പരിശോധനയിൽ കമ്പനി ഉൽപാദിപ്പിച്ച കോൾഡ്രിഫിൽ അനുവദിനീയമായതിലും അധികം ഡൈത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിനെതിരെ ക്രിമിനൽ നടപടികളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്നാണ് പരാതിയുളളത്. ഇതുകൂടാതെ ചിന്ത്വാരയിലെ 14 കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ നാഗ്പൂരിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കൂടുതൽ മരുന്നുകളിൽ പ്രശ്നമുണ്ടായെന്ന് കണ്ടെത്താൻ ആറു സംസ്ഥാനങ്ങളിലായി 19 മരുന്ന് നിർമ്മാണ കേന്ദ്രങ്ങളിൽനിന്നും ശേഖരിച്ച സാമ്പിളുകൾ കേന്ദ്രം പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനുംഅത്യാഹിത സാഹചര്യങ്ങൾ നേരിടാൻ സജ്ജമാകണമെന്നും സംസ്ഥാനങ്ങൾക്ക് കർശന നിർദേശമുണ്ട്. അതേസമയം, രാജസ്ഥാനിൽ നാലു കുട്ടികൾ മരിച്ചത് കഫ് സിറപ്പ് കഴിച്ചത് മൂലമല്ലെന്ന് സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചു. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ കോൾഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചതിന് പിന്നാലെയാണ് ഉത്തർ പ്രദേശും ഉത്തരാഖണ്ഡും കർണാടകയും മരുന്ന് നിരോധിച്ചത്.