ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

By Web TeamFirst Published Dec 4, 2022, 4:30 PM IST
Highlights

വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

 
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നൽകിയിട്ടുണ്ട്. 

വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 
അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പിക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നൽകിയത്. ഇതു കൂടി ചേര്‍ത്താവും പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകുക. 

കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന്  പൊലീസ് നോട്ടീസ് നൽകും. അതേസമയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചാലും കേസിൽ നിയമപ്രശ്നങ്ങൾ ബാക്കിയുണ്ട്. അന്വേഷണം നി‍ര്‍ത്തലാക്കിയ പൊലീസ് തീരുമാനം ചോദ്യം ചെയ്ത് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ അവസരമുണ്ട്. സിബിഐ പോലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്. 

അന്വേഷണം അവസാനിപ്പിക്കാനുള്ള  തീരുമാനത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. സജി ചെറിയാൻ രാജിവച്ചപ്പോൾ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാര്‍ക്കായാണ് വിഭജിച്ച് നൽകിയത്. അദ്ദേഹത്തിന് പകരമാരും മന്ത്രിസഭയിലേക്ക് വന്നിട്ടില്ല എന്നതിനാൽ അദ്ദേഹം കേസ് തീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് എത്തും എന്ന അഭ്യൂഹവും ശക്തിപ്പെടുകയാണ്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻ്റെ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ തന്നെ എംഎൽഎ സ്ഥാനം കൂടി സജി രാജിവയ്ക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ സജി എംഎൽഎയായി തുടരട്ടെ എന്ന നിലപാടാണ് സിപിഎം അന്ന് സ്വീകരിച്ചത്. 

ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ച് സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നുവെന്നും മറ്റുമായിരുന്നു സജി ചെറിയാൻ്റെ പരാമ‍ര്‍ശങ്ങൾ. തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ വിവാദ പരാമ‍ര്‍ശം. ഈ പരിപാടി തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. 

 

click me!