
ദില്ലി: ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗ് വിമർശമുന്നയിച്ച സാഹചര്യത്തോട് പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. ലീഗിന്‍റെ വിമർശനത്തെ അർഹിക്കുന്ന പരിഗണനയോടെ എടുത്ത കെ സി വേണുഗോപാൽ വിഷയത്തിൽ പരിഹാരം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി. ലീഗും കോൺഗ്രസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും തരൂർ വിഷയത്തിൽ കേരളത്തിൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വിവരിച്ചു. അതിന് പ്രാപ്തിയുള്ള നേതൃത്വമാണ് കേരളത്തിലേതെന്നും കെ സി വേണുഗോപാൽ ചൂണ്ടികാട്ടി. സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗ് വിമർശനത്തോടെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രതികരിച്ചത്.
അതേസമയം നേരത്തെ ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗ് അതൃപ്തി പരസ്യമാക്കുകയായിരുന്നു. പ്രശ്നങ്ങൾ യു ഡി എഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടിയത്. കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ മുന്നണിയെ കാര്യമായ തോതിൽ അലോസരപ്പെടുത്തുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാവിലെ ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിനുളളിലെ വിഭാഗീയത പ്രധാന ചർച്ചാ വിഷയമായിരുന്നു. ഈ നിലയിൽ പോകാനാകില്ലെന്നും വിഷയത്തിൽ പ്രശ്നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിയമ സഭയിൽ ഉന്നയിക്കേണ്ട ചില കാര്യങ്ങളിൽ മുസ്ലിം ലീഗിന് പാർട്ടിയുടേതായ അഭിപ്രായമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യു ഡി എഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്ന് പി എം എ സലാമും വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam