നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ

Published : Oct 29, 2024, 10:22 AM ISTUpdated : Nov 08, 2024, 06:47 PM IST
നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ

Synopsis

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. 

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്. 

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവർ വെറ്റിലേറ്ററിലാണ്. പൊട്ടിച്ച മലപ്പടക്കത്തിൽ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവർ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി. 

'മാലപടക്കം പൊട്ടുന്നതിനിടെ തീപ്പൊരി വീണ് ഒന്നാകെ പൊട്ടിത്തെറിച്ചു'; അപകടത്തിന്‍റെ ഞെട്ടലിൽ പരിക്കേറ്റവര്‍

പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ 

മംഗളൂരു എജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 21 പേരാണ്. ഇതിൽ എട്ട് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്നും അതീവ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 30% വരെ പൊള്ളലേറ്റവരുണ്ട്. അവരെ ആണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.

കോഴിക്കോട് മിംസിൽ ആറു പേരാണ് ചികിത്സയിലുളളത്. 4 പേർ വെന്റിലേറ്ററിലാണ്. ഷിബിൻ രാജ് , ബിജു, വിഷ്ണു,  രതീഷ് എന്നിവരാണ് വെന്റിലേറ്ററിലുളളത്. കണ്ണൂർ മിംസിൽ  25 പേർ ചികിത്സയിലുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ  5 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ആസ്റ്റർ മിംസിൽ 24 പേർ ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.  കോഴിക്കോട് ബേബി മെമ്മോറിയലിൽ ചികിത്സയിലുളള രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. 

ഗുരുതര വീഴ്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെന്ന് പൊലീസ് 

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണം പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.  

പൊലീസിന് വീഴ്ചയെന്ന് എംപി

അതേ സമയം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണെന്നും പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കേണ്ടതാണ്. അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം പൊലീസ് പരിശോധിക്കേണ്ടതുണ്ടായിരുന്നു. തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം. ഇത്തരം ഒരു അപകടം ആർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

 

 

 

PREV
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി
ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ