അധ്യാപകന്‍റെ പീഡനക്കേനക്കേസ് അട്ടിമറിച്ച് പൊലീസ്; പരാതി ഒതുക്കിയവര്‍ക്കെതിരെ കേസില്ല, രക്ഷിതാക്കള്‍ക്ക് അധ്യാപകരുടെ ഭീഷണി

By Web TeamFirst Published Nov 28, 2019, 9:44 AM IST
Highlights

വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടും പൊലീസില്‍ പരാതിപ്പെടാതെ ഒത്തുതീര്‍ക്കാൻ ശ്രമിച്ച പ്രധാന അധ്യാപകനെതിരെയും സീനിയര്‍ സൂപ്രണ്ടിനെതിരെയും പൊലീസ് കേസെടുത്തില്ല

കോട്ടയം: ഏറ്റുമാനൂര്‍ ഒരു സ്കൂളില്‍ അധ്യാപകൻ പതിനാറ് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ചൂഷണം ചെയ്ത സംഭവം പൊലീസ് അട്ടിമറിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടും പൊലീസില്‍ പരാതിപ്പെടാതെ ഒത്തുതീര്‍ക്കാൻ ശ്രമിച്ച പ്രധാന അധ്യാപകനെതിരയും സീനിയര്‍ സൂപ്രണ്ടിനെതിരെയും പൊലീസ് കേസെടുത്തില്ല. സംഭവം പൊലീസില്‍ അറിയിച്ച രക്ഷിതാക്കള്‍ക്ക് ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് ഭീഷണിയുമുണ്ടാകുന്നു. 

195 ആദിവാസിക്കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ഒക്ടോബര്‍ മാസം 16  തീയതി സ്റ്റുഡൻസ് കൗണ്‍സിലറോട് ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ രേഖാമൂലം പീഡനത്തെക്കുറിച്ചുള്ള പരാതി നല്‍കുന്നു. സ്കൂളിലെ സംഗീത അധ്യാപകൻ നരേന്ദ്രബാബു 16 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു പരാതി. കൗൺസിലര്‍ രക്ഷിതാക്കളേയും സ്കൂള്‍ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും വിവരം അറിയിച്ചു. സംഭവം പറഞ്ഞ് തീര്‍ക്കാമെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ മറുപടി. പൊലീസില്‍ അറിയിക്കാനും തയ്യാറായില്ല. 

രക്ഷിതാക്കള്‍ മുൻകൈ എടുത്ത് ഒക്ടോബര്‍ 29 ന് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പക്ഷേ കാര്യമായ നടപടിയുണ്ടായില്ല. സ്കൂളിന്‍റെ ചെയര്‍മാനായ കളക്ടറുടെ നിര്‍ദേശപ്രകാരം നവംബര്‍ ആറിന് ഏറ്റുമാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നരേന്ദ്രബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാല്‍ വിവരം പൊലീസില്‍ അറിയാക്കാതെ പ്രതിയെ സംരക്ഷിച്ച പ്രിൻസിപ്പല്‍ വിജയനെതിരെയും സീനിയര്‍ സൂപ്രണ്ട് ധര്‍മ്മജനെതിരെയും പരാതി നല്‍കിട്ടും ഒരന്വേഷണവുമില്ല കേസുമില്ല. 

പ്രിൻസിപ്പലും സീനിയര്‍ സൂപ്രണ്ടും പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇവര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ 95 വിദ്യാര്‍ത്ഥികള്‍ അധ്യായനം അവസാനിപ്പിച്ച് സ്കൂള്‍ വിട്ട് പോയി. കഴിഞ്ഞ ദിവസം പരാതി പറഞ്ഞ രക്ഷിതാക്കള്‍ക്ക് ഭീഷണി സ്വരത്തില്‍ ചില ഊമകത്തുകളുമെത്തി. ഈ സാഹചര്യത്തില്‍ സ്കൂളിന്‍റെ ചെർയര്‍മാനായ കോട്ടയം കളക്ടറെ വീണ്ടും രക്ഷിതാക്കള്‍ കണ്ടു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പാണ് തുടര്‍നടപടികള്‍ എടുക്കേണ്ടതെന്നാണ് കളക്ടറുടെ മറുപടി. സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ് നില്‍ക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഡിവൈഎസ്പി ബി ശ്രീകുമാറിന്‍റെ വിശദീകരണം. 
 

click me!