'ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവ'മെന്ന് ഷാഫി: സഭയിൽ ബഹളം

Published : Jul 04, 2019, 12:05 PM ISTUpdated : Jul 04, 2019, 01:47 PM IST
'ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവ'മെന്ന് ഷാഫി: സഭയിൽ ബഹളം

Synopsis

 ആഭ്യന്തര വകുപ്പ് ഇടുക്കിയില്‍ പ്രത്യേക ബ്രാഞ്ച് തുടങ്ങിയോ. അതോ അവിടെ പൊലീസ് കാര്യം നോക്കാന്‍ പ്രത്യേക സഹമന്ത്രിയെ നിയമിച്ചോ.  ഭാര്യ പരാതി നൽകിയാൽ ഭർത്താവിനെ പോലീസിന് തല്ലാം എന്നാണ് ഈ സര്‍ക്കാരിലെ ഒരു മന്ത്രി പറയുന്നത് - ഷാഫി പറമ്പില്‍ 

തിരുവനന്തപുരം: പൊലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. ഇടുക്കിയില്‍ മാത്രം എന്തുകൊണ്ടാണ് പൊലീസ് നിരന്തരം നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷം ഇടുക്കി എസ്പിയെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസുകാരെ പ്രതിരോധിച്ചും പൊലീസിന്‍റെ മര്‍ദ്ദനമുറകളെ ന്യായീകരിച്ചും നിരന്തരം സംസാരിക്കുന്ന വൈദ്യുതിമന്ത്രി എംഎം മണിക്കെതിരെയും പ്രതിപക്ഷം നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു. 

കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് വിഷയത്തില്‍ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മര്‍ദ്ദകരായ പൊലീസുകാരെ സംരക്ഷിക്കുന്ന സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പൊലീസ് സേനയിലെ അരുതായ്മകള്‍ കണ്ടെത്തി യഥാസമയം സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴപ്പക്കാരായ 12 പൊലീസുകാരെ ഇതിനോടകം ഈ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡിമരണം, ഇതേ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച സംഭവം, ബുധനാഴ്ച കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടി എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലാണ് പൊലീസ് മര്‍ദ്ദനത്തിനെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഒരേ വിഷയം ആവര്‍ത്തിച്ച് പ്രതിപക്ഷം നിരന്തരം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുന്നുവെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 

ഒരുപാട് വിഷയങ്ങളെക്കുറിച്ചാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മന്ത്രി എകെ ബാലനും അഭിപ്രായപ്പെട്ടു. എന്നാല്‍ നോട്ടീസില്‍ ഉന്നയിച്ചത് പുതിയ വിഷയമാണെന്ന് പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല  മറുപടി പറഞ്ഞു. ഇതിനു ശേഷമാണ്  ഷാഫിക്ക് അടിയന്തരപ്രമേയത്തിനുള്ള വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. 

കൃത്യമായ ഇടവേളകളിൽ ആളെ കൊല്ലുന്നത് കേരള പൊലീസ് നിർത്തണം. ഭാര്യ പരാതി നൽകിയാൽ എതിര്‍സ്ഥാനത്തുള്ള ഭർത്താവിനെ പോലീസിന് തല്ലാം എന്നാണ് ഒരു മന്ത്രി തന്നെ പറഞ്ഞത്. പൊലീസ് മര്‍ദ്ദനവും മറ്റു വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് ?

പോലീസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടൽ കാരണം 38 പേരാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ കൊല്ലപ്പെട്ടത്. ഇടുക്കിയിലെ പൊലീസ് കേരള പൊലീസിന്‍റെ ഭാഗമല്ലേ ? അഭ്യന്തര വകുപ്പ് ഇടുക്കിയില്‍ പ്രത്യേക ബ്രാഞ്ച് തുടങ്ങിയോ. അതോ അവിടുത്തെ പൊലീസ് കാര്യത്തിന് പ്രത്യേക സഹമന്ത്രിയെ വച്ചോ? നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഇപ്പോഴത്തെ ഇടുക്കി എസ്പിക്ക് കൃത്യമായ പങ്കുണ്ട്. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ക്രൂരമായ മര്‍ദ്ദനത്തിന് രാജ്കുമാറിനെ വിധേയനാക്കിയത്. 

ഗുരുതര ആരോപണം നേരിടുന്ന ഇടുക്കി എസ്പിയെ പക്ഷേ സ്ഥലം മാറ്റാന്‍ പോലും ഇതുവരെ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വൈദ്യുതി മന്ത്രി എംഎം മണി ഒരു വിവാഹ വീട്ടില്‍ വച്ച് ഇടുക്കി എസ്പിയുമായി കൂടിക്കാഴ്ച നടത്തി. വിവാദനായകനായ ഈ എസ്പിയെ സര്‍ക്കാര്‍ പുറത്താക്കണം. 

നിയമവ്യവസ്ഥ പിന്തുടര്‍ന്ന് വേണം കേരള പൊലീസ് പ്രവര്‍ത്തിക്കാന്‍ അല്ലാതെ പാര്‍ട്ടി കോടതിയുടെ നടപടികള്‍ നടപ്പാക്കാനല്ല ഇവിടെ പൊലീസ്. കേരള പൊലീസിന്‍റെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. 

ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രസംഗത്തിനിടെ പ്രതിഷേധവുമായി ഭരണപക്ഷഅംഗങ്ങള്‍ എഴുന്നേറ്റു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. പ്രതിപക്ഷം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. 

നെടുങ്കണ്ടത് ഓട്ടോ ഡ്രൈവർ ഹക്കീമിനെ പോലീസ് മർദിച്ചെന്ന പരാതിയില്‍ രണ്ടു പോലീസുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  ഗാര്‍ഹികപീഡനം നടത്തിയെന്ന് ഹക്കീമിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത ഇയാളെ പിന്നീട് കോടതിയിലും ആശുപത്രിയിലും ഹാജരാക്കിയെങ്കിലും പൊലീസ് മര്‍ദ്ദനത്തെപ്പറ്റി പരാതി ഉന്നയിച്ചിരുന്നില്ല. 

കുറ്റക്കാരായ പൊലീസുകാരെ ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ല. മർദ്ദകരായ പൊലീസുകാരെ സംരക്ഷിച്ച സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൊലീസ് സേനയിലെ അരുതായ്മകൾ കണ്ടെത്തി യഥാസമയം നടപടി എടുക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. പൊലീസ് സേനയുടെ അന്തസ്സിനും നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച 12 പേരെ ഇതിനോടകം സർവ്വീസിൽ നിന്നും നീക്കി കഴിഞ്ഞു. 

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരോട് നിര്‍ദാക്ഷണ്യ സമീപനമാണ് ഈ സര്‍ക്കാരിനുള്ളത്. പൊലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യില്ല. കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. നിയമസഭ  നിര്‍ത്തി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. 

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് പ്രഖ്യാപിച്ചു. സഭയില്‍ നിന്നും ഇറങ്ങി പോകുന്നതിന് മുന്‍പ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ചങ്കൂറ്റമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ വെല്ലുവിളിച്ചു.

നെടുങ്കണ്ടം സ്റ്റേഷനിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ. മനുഷ്യരെ പച്ചയോടെ ഇടിച്ചു കൊല്ലുന്ന കേന്ദ്രങ്ങളായി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ മാറുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ബ്രിട്ടീഷുകാരുടെ കാലത്തെ നടപടികളാണ് സ്റ്റേഷനുകളില്‍ നടക്കുന്നത്. 

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്‍റെ പ്രധാന ഉത്തരവാദി ഇടുക്കി എസ്പിയാണ്. ഇയാളെ സ്ഥലം മാറ്റാതെ രക്ഷയില്ല. കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഞങ്ങള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. എല്‍ഡിഎഫ്-യുഡിഎഫ് കാലത്തെ കസ്റ്റഡിമരണങ്ങള്‍ താരത്മ്യം ചെയ്യുന്നത് ശരിയല്ല.

അങ്ങേയറ്റം ലജ്ജാകരമായാണ് ഇടുക്കി എസ്പിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. സിപിഐ വരെ ആക്ഷേപം ഉന്നയിച്ചിട്ടും ഇടുക്കി എസ്പിയെ മാറ്റുന്നില്ല. ഓട്ടോ ഡ്രൈവര്‍ ഹക്കീമിനെ രാത്രി വീട്ടില്‍ പോയി കസ്റ്റഡിയില്‍ എടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സംരക്ഷിക്കാന്‍ മന്ത്രിയുള്ളതുകൊണ്ടാണോ ഇടുക്കി എസ്പിക്ക് ഇത്ര ധൈര്യം. പൊലീസിനെ നിയന്ത്രിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടികള്‍ വാചകങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. അന്വേഷണത്തെ സ്വാധീനിക്കാന്‍ വൈദ്യുതി മന്ത്രി ഇടപെടുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി