
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ രണ്ടാംപ്രതിയായ മാത്യുവിനെ വിശദമായി ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്. അന്നമ്മയ്ക്ക് ശേഷം നടന്ന അഞ്ച കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രജുകുമാറിന്‍റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവിന് പ്രജുകുമാറുമായി ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പൊലീസ് പറയുന്നു. ഇതോടെ ഇതിന് മുമ്പ് സയനൈഡ് എവിടെ നിന്ന് മാത്യുവിന് ലഭിച്ചെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി മാത്യുവിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്‍റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്നായിരുന്നു മൂന്നാം പ്രതി പ്രജുകുമാര്‍ ഇന്നലെ പറഞ്ഞത്.
അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്ന് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രജിസ്റ്റര്‍ ചെയത് കേസുകളുടെ എണ്ണം അഞ്ചായി. ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് കോടഞ്ചേരി പൊലീസ് പുതുതായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്മേലാണ് ഇപ്പോള്‍ തെളിവെടുപ്പ് നടക്കുന്നത്.
പൊന്നാമറ്റം വീട്ടിലെത്തിച്ച് മൂന്ന് പ്രതികളുടെയും തെളിവെടുപ്പ് പൊലീസ് ഇന്ന് നടത്തിയിരുന്നു. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടിൽ നടന്നത്. വീട്ടിൽ നിന്നും ഒരു കുപ്പി കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. 2002ൽ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നൽകിയിരുന്നു. ഈ കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊന്നമറ്റത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിൽ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam