
കൊച്ചി: മോഡലുകളുടെ അപകടമരണവുമായി (accident death of models) ബന്ധപ്പെട്ട് കൊച്ചി കായലിൽ പൊലീസ് നടത്തി വന്ന തെരച്ചിൽ അവസാനിപ്പിച്ചു. നമ്പർ 18 ഹോട്ടലിലെ (Number 18 hotel) സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കിനായുളള തെരച്ചിൽ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് (CH Nagaraju IPS) അറിയിച്ചത്. ഹോട്ടലിലെ മറ്റു സിസിടിവികളിൽ നിന്നും ലഭ്യമായ ദൃശ്യങ്ങൾ കേസിന്റെ ഭാഗമാക്കാനാണ് പൊലീസിൻ്റെ ഇനിയുള്ള ശ്രമം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണെന്നും. ശക്തമായ തെളിവുകൾ സ്വീകരിച്ച് അന്വേഷണം വേഗത്തിൽ തീർക്കുമെന്നും സി.എച്ച്.നാഗരാജു അറിയിച്ചു.
കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നൽകിയ മൊഴി. ഹാർഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വസ്തു ഹാർഡ് ഡിസ്ക് ആണെന്നറിയാതെ താൻ വെളളത്തിലേക്ക് തന്നെ എറിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളിയുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഈ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയേയും കോസ്റ്റ് ഗാർഡിനേയും ഒടുവിൽ മത്സ്യത്തൊഴിലാളികളെ വച്ചും മൂന്നു ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്ക് കിട്ടാതെ വന്നതോടെയാണ് അവശേഷിച്ച തെളിവുകളിൽ കേന്ദ്രീകരിച്ച് അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചത്.
അതേസമയം കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ അന്വേഷണസംഘത്തിന് മുമ്പാകെ ഇന്ന് ഹാജരായി. കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനിൽ അഭിഭാഷകർഷകർക്കൊപ്പം സൈജു ചോദ്യം ചെയ്യല്ലിന് ഹാജരായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഒഡി കാർ സൈജുവാണ് ഓടിച്ചിരുന്നത്.
അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് സൈജു ഒളിവിൽ പോയത്. ഇന്നലെ ചോദ്യം ചെയ്യല്ലിന് ആവശ്യപ്പെട്ട് പൊലീസ് ഇയാളുടെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇന്നലെ ഇയാൾ ഹാജരായില്ല. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി സൈജു ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും പോലീസ് പ്രതി ചേർത്തിട്ടില്ല എന്നറിയിച്ചതോടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അതിനുശേഷമാണ് പോലീസ് സൈജുവിന് നോട്ടീസ് അയച്ചത്. സൈജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മോഡലുകൾ സഞ്ചരിച്ച കാറോടിച്ച അബ്ദുറഹ്മാനെ പൊലീസ് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും.
ഇതിനിടെ സൈജു തങ്കച്ചനായി തെരച്ചിൽ ഊർജിതപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകണമെന്ന് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നോട്ടീസ് നൽകിയെങ്കിലും സൈജു എത്തിയില്ല. അപകടത്തിൽപ്പെട്ട വാഹനത്തെ എന്തിന് പിന്തുടർന്നു, ഹോട്ടലുടമയുടെ നിർദേശമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലടക്കം വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam