
കൊച്ചി:വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാനുളള പണം കണ്ടെത്താന്‍ കൊച്ചി നഗരത്തില്‍ ഡിവൈഎഫ്ഐ നടത്തുന്ന തട്ടുകടയെ ചൊല്ലി രാഷ്ട്രീയ വിവാദം. തട്ടുകടയുടെ ലൈസന്‍സ് ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്നും ഇതിനെ എതിര്‍ത്തയാളെ മര്‍ദിച്ചെന്നും ബിജെപി കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍ ആരോപിച്ചു. എന്നാല്‍, ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ഉദ്യമത്തെ അലങ്കോലമാക്കാനാണ് ബിജെപി കൗണ്‍സിലറുടെ ശ്രമമെന്നും ഡിവൈഎഫ്ഐ നേതൃത്വവും പ്രതികരിച്ചു.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സ്നേഹത്തിന്‍റെ തട്ടുകടയാണ് തര്‍ക്കത്തിന്‍റെ തട്ടുകടയായി മാറിയത്. തട്ടുകടയ്ക്ക് നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന ചോദ്യവുമായാണ് ഡിവിഷന്‍ കൗണ്‍സിലറായ ബിജെപി നേതാവ് പദ്മജ എസ് മേനോന്‍ കഴിഞ്ഞ ദിവസം വൈകിട്ട് കടയില്‍ എത്തിയത്. തട്ടുകടയില്‍ ഗാര്‍ഹിക ഉപയോഗത്തിനു നല്‍കുന്ന ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുളള പാചകവും താന്‍ ചോദ്യം ചെയ്തെന്ന് പദ്മജ പറയുന്നു.
ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്ത വഴിയാത്രക്കാരനായ സര്‍ക്കാര്‍ ജീവനക്കാരനെ വളഞ്ഞിട്ടു തല്ലിയെന്നുമാണ് പദ്മജയുടെ ആരോപണം. ലൈസന്‍സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്‍റെ വായിലേക്ക് രണ്ട് പൊറോട്ടും ബീഫും കുത്തികയറ്റ് എന്ന് പറഞ്ഞ് അപമാനിച്ചുവെന്നും ഒരു സ്ത്രീയെ അപമാനിക്കുന്നത് കണ്ട് ഇടപ്പെട്ടയാള്‍ക്കുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 'ജീവൻ രക്ഷാപ്രവര്‍ത്തനം' നടത്തിയെന്നും പദ്മജ ആരോപിച്ചു.
എന്നാല്‍, മര്‍ദനമേറ്റയാളുടെ പേരോ മറ്റു വിവരങ്ങളോ പദ്മജ പരസ്യമാക്കാന്‍ തയാറായിട്ടില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി ഉളളതിനാലാണ് ഈ ആളുടെ പേര് പറയാത്തതെന്നാണ് ബിജെപി നേതാവിന്‍റെ വിശദീകരണം. എന്നാല്‍, ഇത്തരമൊരു മര്‍ദനമേ ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. വയനാടിനെ സഹായിക്കാനായുളള ഡിവൈഎഫ്ഐ ഉദ്യമം അലങ്കോലമാക്കാനാണ് ബിജെപി കൗണ്‍സിലര്‍ ശ്രമിച്ചതെന്നും ഡിവൈഎഫ്ഐ നേതൃത്വം പറയുന്നു.
ഡിവൈഎഫ്ഐയുടെ ഉദ്യമത്തെ തടയാൻ ശ്രമിച്ചവര്‍ക്കെതിരെ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ അടക്കം തിരിയുകയായിരുന്നുവെന്നു ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്ഐ നേതാവ് അമല്‍ സോഹൻ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തെ പറ്റി പദ്മജ എസ് മേനോന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്ഐ നടത്തുന്ന തട്ടുകടയില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam