
തിരുവനന്തപുരം: അയൽപക്കത്തെ നായയുമായി അവിഹിത ബന്ധമുണ്ടെന്ന സദാചാര പ്രശ്നം ഉന്നയിച്ച് ഉടമസ്ഥൻ വഴിയിലുപേക്ഷിച്ച പോമറേനിയൻ നായക്കുട്ടിയിപ്പോൾ നാട്ടിലെ താരമാകുകയാണ്. സദാചാര പ്രശ്നത്തിന്‍റെ പേരിൽ ഉടമസ്ഥൻ ഉപേക്ഷിച്ച നായ്ക്കുട്ടി പുതിയ ജീവിതത്തിലേക്ക് എന്നമട്ടിൽ വാർത്ത പുറത്തുവന്നതോടെ താരമായ നായ്ക്കുട്ടിയെ ദത്തെടുത്താൻ ഇപ്പോൾ സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നത് നിരവധിപേരാണ്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ പോമറേനിയനെ തിരുവനന്തപുരം ചാക്ക വേൾഡ് മാർക്കറ്റിന്‍റെ മുന്നിൽ നിന്നാണ് പീപ്പിൾസ് ഫോര്‍ അനിമൽസ് എന്ന സംഘടനയിൽ അംഗമായ ഷമീം രക്ഷപെടുത്തി വീട്ടിലെത്തിച്ചത്. കൂട്ടിലിട്ടാൽ ഉടനേ കുര തുടങ്ങും. വീട്ടുവളപ്പിൽ കറങ്ങിനടക്കാനാണ് കക്ഷിക്ക് താൽപര്യം. മീഡിയയിലെ താരമായതിനാൽ ഇവൾക്ക് മീഡിയ എന്ന് തന്നെ പേരിട്ടാലോ എന്നാണ് ആലോചനയെന്നും ഷമീം പറയുന്നു.
പുതിയ അതിഥിയെത്തിയതോടെ പക്ഷെ ഷമീമിന്‍റെ വീട്ടിലെ ലാബ്രഡോർ കുടുംബത്തിനാണ് പണികിട്ടിയത്. പോമറേനിയൻ വീട്ടുവളപ്പിൽ കറങ്ങി നടക്കുന്നതിനാൽ ലാബ്രഡോര്‍ കുടുംബത്തെ കൂട്ടിൽത്തന്നെയിടേണ്ട സ്ഥിതിയാണ്. കൂടുതൽ നായ്ക്കുട്ടികളെ സംരക്ഷിക്കാനുളള പരിമിതി കൊണ്ടാണ് ഇവളെ ആർക്കെങ്കിലും നൽകാൻ ആലോചിച്ചതെന്നും ഷമീം പറയുന്നു. നല്ല രീതിയിൽ വളര്‍ത്തുമെന്ന് ഉറപ്പുള്ള ഒരാളെ ഏൽപ്പിക്കാനാണ് ഷമീമിന്‍റെ ആലോചന.
വിവരമറിഞ്ഞ് ദത്തെടുക്കാൻ സന്നദ്ധരായി ആളുകൾ ഏറെ എത്തുന്നുണ്ട്. എന്നാൽ കൂട്ടിൽ കിടക്കാൻ താൽപര്യമില്ലാത്ത നായ്ക്കുട്ടിയെ പരമാവധി കൂട്ടിലിടാതെ തന്നെ വളര്‍ത്താൻ താൽപര്യവും സൗകര്യവും ഉള്ള ഒരു ഉടമസ്ഥനെ കാത്തിരിക്കുകയാണ് ഷമീം.
"നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3വർഷമായി ആരെയും കടിച്ചിട്ടില്ല, പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് ".. തുടങ്ങി നായ്ക്കുട്ടിയും കഴുത്തിൽ കെട്ടിയ കുറിപ്പും എല്ലാം ഇതിനോടകം തന്നെ ഏറെ കൗതുകവും ഉണ്ടാക്കിയിരുന്നു.
Read also :അയല്‍പക്കത്തെ നായയുമായി 'അവിഹിതം'; തിരുവനന്തപുരത്ത് പോമറേനിയനെ തെരുവില്‍ ഉപേക്ഷിച്ച് ഉടമ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam