തിരുവനന്തപുരം: വീട്ടില്‍ വളര്‍ത്തിയ പോമറേനിയന്‍ പെണ്‍പട്ടിയെ അവിഹിത ബന്ധമാരോപിച്ച് ഉടമ തെരുവില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരത്താണ് സംഭവം. കത്തുമെഴുതിവെച്ചാണ് ഉടമ പൊമറേനിയനെ തെരുവില്‍ ഉപേക്ഷിച്ചത്. അയല്‍വീട്ടിലെ നായയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഉടമ പെണ്‍പട്ടിയെ ഉപേക്ഷിച്ചത്. പിഎഫ്എ അംഗം ഷമീമിനാണ് പട്ടിക്കുട്ടിയെ ലഭിച്ചത്. ഞായറാഴ്ച രാത്രിയാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പോമറേനിയന്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഷമീം ഫാറൂഖിന് ഫോണ്‍ കാള്‍ വന്നത്. കഴുത്തില്‍ കോളര്‍ ഘടിപ്പിച്ച് അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ട് പരിഭ്രാന്തിയിലായിരുന്നു പോമറേനിയന്‍. സഹതാപം തോന്നിയവര്‍ ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഷമീം പട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. പട്ടിയെ പരിശോധിച്ചപ്പോഴാണ് കഴുത്തില്‍ കെട്ടിയ കോളറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുറിപ്പ് കണ്ടെത്തിയത്. 

കുറിപ്പില്‍ എഴുതിയത് ഇങ്ങനെ: 
"നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3വർഷമായി ആരെയും കടിച്ചിട്ടില്ല, പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് "

മൃഗ സംരക്ഷണ ആക്ടിവിസ്റ്റ് ശ്രീദേവി എസ് കര്‍ത്ത പട്ടിയുടെ ഫോട്ടോയും കത്തും സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പട്ടിയെ ഉപേക്ഷിച്ച ഉടമസ്ഥന്‍റെ സദാചാര ബോധത്തില്‍ ഭയം തോന്നുന്നുവെന്ന് അവര്‍ ഫേസ്ബുക്കില്‍ എഴുതി.

ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: 

"നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വർഷമായി ആരെയും കടിച്ചിട്ടില്ല ,പാൽ ,ബിസ്ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് "
ചാക്ക വേൾഡ് മാർക്കറ്റിന്‍റെ മുന്നിൽ ഉപക്ഷേക്കിപ്പെട്ട നിലയിൽ കണ്ട ഈ പോമറേനിയനെ പിഎഫ്എ മെമ്പർ ഷമീം രക്ഷപെടുത്തിയപ്പോൾ ഒപ്പം കിട്ടിയ കുറിപ്പാണിത് ..എന്താണ് പറയേണ്ടതു ..!!ഈ എഴുതിയ മനുഷ്യന്‍റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ "അവിഹിതമായി "കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികളെങ്ങാൻ പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപെടുത്തിയേക്കാൻ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് ..നായകൾ തമ്മിൽ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങൾ നടത്തി അവിഹിത പ്രശ്നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദര ..(ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് . ഈ നായയെ കണ്ടു പരിചയമുള്ളവർ 9567437063 എന്ന നമ്പറിൽ വിളിക്കുക ..ഷെയർ ചെയുക..)

പട്ടിയെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കുമെന്ന് ഷമീം പറഞ്ഞു. നേരത്തെ വളര്‍ത്തു പൂച്ചക്ക് ചുഞ്ചുനായര്‍ എന്ന് പേരിട്ടതും സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.