കൊച്ചി: എറണാകുളം പൊന്നുരുന്നിയിൽ ടാറിംഗ് പൂർത്തിയായി മണിക്കൂറുകൾ കഴിയും മുൻപേ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡ് ജലഅതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം റീടാര്‍ ചെയ്യാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
എട്ട് മാസമായി തകർന്ന് കിടന്ന റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ വാട്ടർ അതോറിറ്റി കുത്തിപൊളിച്ചത് വന്‍ ജനരോക്ഷത്തിന് കാരണമായിരുന്നു. ജനവികാരം തിരിച്ചറിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരെ ജില്ലാ കളക്ടർ എത്തിയാണ് ശാന്തരാക്കിയത്. സംഭവത്തില്‍ തത്കാലം ആര്‍ക്കെതിരേയും നടപടി എടുക്കുന്നില്ലെന്നും ജലഅതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഏകോപനം ശക്തമാക്കി പ്രശ്നം പരിഹരിക്കണമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.
റോഡ് കുത്തിപൊളിച്ചെങ്കിലും വലിയ നഷ്ടമൊന്നും ഉണ്ടായില്ലെന്നും വളരെ ചെറിയ ഭാഗത്ത് മാത്രമാണ് റോഡ് പൊളിച്ചതെന്നും യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് കര്‍ശന നടപടികളിലേക്ക് കളക്ടര്‍ കടക്കാതിരുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ച എന്നതിനപ്പുറം രണ്ട് വകുപ്പുകളും തമ്മില്‍ കൃത്യമായ ഏകോപനവും ആശയവിനിമയവും ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടുമ്പോൾ പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും കളക്‌ട്രേറ്റിൽ ഏകോപന സമിതി യോഗം ചേര്‍ന്ന് അറ്റകുറ്റപ്പണികളും കുഴിയെടുക്കലും വേണ്ട റോഡുകള്‍ സംബന്ധിച്ച വിവരം കൈമാറാന്‍ തീരുമാനിച്ചത്. നിലവില്‍ പൊളിച്ചിട്ട എറണാകുളം പൊന്നുരുന്നിയിലെ റോഡില്‍ ജല അതോറിറ്റിയുടെ ജോലികൾ നാളെ രാത്രിയോടെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മറ്റന്നാള്‍ രാവിലെ തന്നെ അവിടെ റോഡ് ടാര്‍ ചെയ്ത് പൂര്‍വസ്ഥിതിയിലാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അതുവരെ അപകടങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പൊലീസിനെ നിയോഗിക്കുമെന്നും കളക്ടര്‍ എസ്.സുഹാസ് വ്യക്തമാക്കി.
എട്ട് മാസമായി തകർന്ന് കിടന്ന പാലാരിവട്ടം - തമ്മനം -വൈറ്റില റോഡ് ഹൈക്കോടതിയില്‍ നിന്നടക്കമുള്ള കര്‍ശന വിമർശനത്തിന് പിറകെയാണ് പൊതുമരാമത്ത് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയത്. എന്നാൽ ടാറിന്‍റെ ചൂടാറുംമുൻപേ ഇന്ന് പുലർച്ചെയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി കുത്തി പൊളിച്ചത്. അമൃത് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ടെസ്റ്റിംഗിന് വേണ്ടിയാണ് പൊന്നുരുന്നി പാലത്തിന് സമീപം റോഡിന്റെ മധ്യഭാഗത്ത് തന്നെ പത്ത് അടി നീളത്തിൽ റോഡ് വെട്ടിപൊളിച്ചത്.
പ്രതിഷേധം അറിഞ്ഞ് സ്ഥലത്തെത്തിയ ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സിന്ധുവിനെ നാട്ടുകാർ തടഞ്ഞു വച്ചു. രംഗം വഷളായതോടെ പോലീസ് എത്തിയാണ് ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ കലക്ടർ നാട്ടുകാരുമായി സംസാരിച്ചാണ് രംഗം ശാന്തമാക്കിയത്.
പൈപ്പിടൽ ജോലിക്കായി റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി തേടി ജല അതോറിറ്റി ഇക്കഴിഞ്ഞ 16ന് പൊതുമരാമത്തിന് കത്ത് നൽകിയിരുന്നു. അടുത്ത ദിവസം തന്നെ റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതി ലഭിച്ചെന്നുമാണ് ജല അതോറിറ്റി ഉദ്യോഗസ്ഥ പറയുന്നത്. എന്നാൽ അനുമതി ലഭിച്ചിട്ടും ജലഅതോറിറ്റി ടാംഗിംഗ് കഴിയുന്നത് വരെ പൈപ്പിട്ടില്ല. റോഡ് ടാരിംഗ് നടത്തുന്നതിന് മുൻപ് പൈപ്പിട്ടോ എന്ന കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥരും തിരക്കിയില്ല. ചുരുക്കത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വന്ന ഏകോപനമില്ലായ്മയാണ് ഗുരുതര വീഴ്ചയുടെ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam