
ഈ വർഷത്തെ അഞ്ച് കോടിയുടെ പൂജാ ബമ്പർ ലോട്ടറി അടിച്ചത്, ഒരിക്കലും ലോട്ടറി എടുക്കാത്ത കോട്ടയം സ്വദേശിക്ക്. അതിരമ്പുഴ പനമ്പാലം സ്വദേശി തങ്കച്ചൻ എ പി എന്ന മെഡിക്കൽ ഷോപ്പ് ഉടമയെ ഭാഗ്യം തേടിയെത്തിയത് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയ ഒരു ചൊവ്വാഴ്ച.
'പതിവുപോലെ നാഗമ്പടം വിശുദ്ധ അന്തോണിസിന്റെ പള്ളിയിൽ പോയി തിരകെ ഷോപ്പിൽ എത്തിയപ്പോൾ ആദ്യം എത്തിയത് അംസുപാണ്ഡ്യനാണ്. വേണ്ടെന്ന് പറഞ്ഞിട്ടും കാശ് പിന്നീട് തന്നാൽ മതിയെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റ് അംസുപാണ്ഡ്യൻ നിർബന്ധിച്ച് ഏൽപ്പിച്ചു'- തങ്കച്ചൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ലോട്ടറി അടിച്ചതിൽ താൻ സന്തോഷവാനാണെന്നും തങ്കച്ചൻ പറയുന്നു.
മുപ്പത് വർഷമായി മെഡിക്കൽ കോളേജ് റോഡിൽ 'കൊച്ചുവീട്ടിൽ' എന്ന പേരിൽ മെഡിക്കൽ ഷോപ്പ് നടത്തി വരുന്ന തങ്കച്ചൻ സൽപ്രവൃത്തിയുടെ പ്രതീകം കൂടിയാണ്. തന്റെ കടയിൽ വരുന്ന പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയിൽ തങ്കച്ചൻ മരുന്നുകൾ നൽകാറുണ്ട്. അത്തരത്തിൽ തങ്കച്ചന്റെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാൻ എത്തിയാളാണ് ലോട്ടറിക്കാരനായ അസുംപാണ്ഡ്യൻ. അന്ന് അയാൾ മൂന്നൂറ് രൂപയ്ക്ക് മരുന്ന് വാങ്ങി. അമ്പത് രൂപ കുറച്ചാണ് തങ്കച്ചൻ ഇയാൾക്ക് മരുന്ന് നൽകിയത്. ഇതിന് ശേഷം മിക്കപ്പോഴും അതുവഴി വരുമ്പോൾ ലോട്ടറിയുമായി അംസുപാണ്ഡ്യൻ ഷോപ്പിൽ എത്താറുണ്ടായിരുന്നുവെന്ന് തങ്കച്ചൻ പറയുന്നു. അങ്ങനെയിരിക്കെയാണ് ഒരു ചൊവ്വാഴ്ച രാവിലെ അസുംപാണ്ഡ്യൻ തങ്കച്ചന്റെ കടയിൽ എത്തിയത്.
നവംമ്പർ 30 ശനിയാഴ്ച നറുക്കെടുപ്പ് ഫലം വന്നപ്പോൾ തനിക്ക് സമ്മാനം ലഭിച്ച വിവരം തങ്കച്ചൻ അറിഞ്ഞിരുന്നില്ല. ഭാഗ്യം തുണച്ചെന്ന് സംശയം തോന്നിയ അംസുപാണ്ഡ്യൻ തങ്കച്ചന്റെ വീട്ടിൽ എത്തി. പിന്നീട് തന്റെ പക്കലുണ്ടായിരുന്ന നമ്പറുകൾ തമ്മിൽ ഒത്തുനോക്കിയപ്പോഴാണ് ഭാഗ്യം തങ്കച്ചനെ തുണച്ചതായി അറിഞ്ഞത്. താനൊരു ക്രിസ്ത്യാനി ആണെങ്കിലും എല്ലാം ആരാധനാലയങ്ങളിലും പോകുമെന്നും എല്ലാ ദൈവങ്ങളും തന്നെ അനുഗ്രഹിച്ചതിനാലാണ് ഈ ഭാഗ്യം ലഭിച്ചതെന്നും തങ്കച്ചൻ പറയുന്നു.
സമ്മാനാർഹമായ ടിക്കറ്റ് കോട്ടയം എസ്ബിഐ ശാഖയിലേക്ക് മാറ്റി. സമ്മാനത്തുകയിൽ നിന്ന് കുറച്ച് തുക നാഗമ്പടം പള്ളിക്ക് നൽകാനും, ബാക്കി തുക മെഡിക്കൽ കോളേജിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്ന് വാങ്ങാൻ നകണമെന്നുമാണ് തങ്കച്ചന്റെ ആഗ്രഹം. അനിമോൾ ആണ് തങ്കച്ചന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. മകൻ ടോണി ജർമ്മനിയിലും മകൾ ടെസ മംഗളം കോളേജിലും പഠിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam