പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ; സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി പിടിയില്‍

Published : May 26, 2023, 02:38 PM ISTUpdated : May 26, 2023, 02:57 PM IST
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ; സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി പിടിയില്‍

Synopsis

നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൂജക്കായി ഇയാൾ പൊന്നമ്പലമേട്ടിലും ഉണ്ടാരുന്നു. ഇതോടെ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി.

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടിൽ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു. കേസിൽ ഇതുവരെ വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തു.  സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, പൂജ നടത്തി തമിഴ്നാട് സ്വദേശി നാരായണൻ കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെയാണ് കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്തത്. നാരായണനും സംഘത്തിനും സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെയും ഇടനിലക്കാരൻ ചന്ദ്രശേഖരനെയും പത്തനംതിട്ട ഗവി സ്വദേശി ഈശ്വരൻ എന്നയാളും നേരത്തെ അറസ്റ്റിലായിരുന്നു. പൂജ നടത്തിയ നാരായണൻ ഒളിവിലാണ്. 

Also Read: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ പ്രവേശിക്കരുത്; പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി

സംഭവത്തിന് പിന്നാലെ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം ഹൈക്കോടതി നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പല മേട്ടിൽ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. പൂജ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി