
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകാൻ സർക്കാർ തയ്യാറാകുമ്പോള്‍ തീരദേശ നിയമം പറഞ്ഞ് ഇതേ നഗരസഭ പൊളിച്ച വീട്ടുകാര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെയാണ്.
2014 ൽ ആണ് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജോൺസണും ഭാര്യ സുജയും മരട് നഗരസഭയിലെ മുപ്പത്തിയൊന്നാം ഡിവിഷനിൽ മൂന്നേമുക്കാൽ സെന്‍റ് ഭൂമി വാങ്ങിയത്. നാല് സെന്‍റ് ഭൂമിയിൽ താഴെയുള്ളവർക്ക് വീട് വയ്ക്കാൻ തീരദേശ നിയമത്തിൽ ഇളവ് ലഭിക്കുമെന്ന നഗരസഭയുടെ വാക്ക് വിശ്വസിച്ച് ഇവർ വീട് പണി തുടങ്ങി.
ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപ വായ്പയും ലഭിച്ചു. നിർമ്മാണം പകുതിയായപ്പോൾ അതേ നഗരസഭ തീരദേശ നിയമം പറഞ്ഞ് വീട് ഇടിച്ചു നിരത്തി. നിയമങ്ങളിലെ നൂലാമലകൾക്ക് പിന്നാലെ നടന്ന് വീടെന്ന സ്വപ്നം ബാക്കിയാക്കി ഒന്നര വർഷം മുന്പ് ജോൺസൺ മരിച്ചു. സുജയ്ക്കും രണ്ട് മക്കൾക്കും ബാക്കിയാകുന്നത് വായ്പയെടുത്ത പണത്തിന്‍റെ പലിശയടക്കം 18 ലക്ഷം രൂപയുടെ ബാധ്യത.
ഇതേ സ്ഥലത്ത് ഭൂമി വാങ്ങി പിന്നീട് വീട് വച്ചവരുണ്ട്. മരട് നഗരസഭ ഇതിനെല്ലാം അനുമതിയും നൽകി. എന്നിട്ടും സുജയ്ക്കും മക്കൾക്കും ഇവിടെ വീട് വയ്ക്കാൻ അനുമതിയില്ല. ജോൺസന്‍റെ കുടുംബവീട്ടിലാണ് ഇപ്പോൾ താമസം. ഏത് നിമിഷവും ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വരും.
പശുക്കളെ വളർത്തലാണ് ഇവരുടെ ഏക വരുമാനം. ഇത് മക്കളുടെ പഠനത്തിന് പോലും തികയില്ലെന്ന് സുജ പറയുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇപ്പോൾ ഇവർക്കില്ല. തീര ദേശ നിയമങ്ങളിൽ ഇളവ് ലഭിച്ചാൽ ഈ ഭൂമി വിറ്റ് കടം തീർക്കാം എന്ന് മാത്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam