
ലക്ക്നൗ: ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മോശം മൊബൈൽ നെറ്റ്‌വർക്ക് സേവനത്തിൽ പ്രതിഷേധിച്ച് ടെക്നീഷ്യനെ നാട്ടുകാർ മൊബൈൽ ടവറിൽ കെട്ടിയിട്ടു. ഫത്തേപ്പൂരിലെ ബിന്ദ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർദൗലി ഗ്രാമത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ടെക്നീഷ്യനെ കെട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമത്തിൽ മൊബൈൽ ടവർ ഉണ്ടായിട്ടും കഴിഞ്ഞ രണ്ട് വർഷമായി കടുത്ത നെറ്റ്‌വർക്ക് തടസ്സം നേരിടുകയാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. 5G സേവനങ്ങൾക്കായി പണം നൽകി റീചാർജ് ചെയ്തിട്ടും കോളുകൾ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നും, കമ്പനിക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
വ്യാഴാഴ്ച പ്രദേശത്ത് എത്തിയ ടെക്നീഷ്യനെ, ടെലികോം കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രശ്നം പരിഹരിക്കാതെ വിട്ടയക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ ടവറിൽ കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ടെക്നീഷ്യനെ അഴിച്ചുവിട്ടു. മോശം നെറ്റ്‌വർക്ക് കാരണം ബുദ്ധിമുട്ടിയ ഗ്രാമവാസികളാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ബിന്ദ്കി പോലീസ് സ്റ്റേഷൻ ഇൻചാർജ് ശൈലേഷ് സിംഗ് പറഞ്ഞു. ടെക്നീഷ്യന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചും വൈറൽ വീഡിയോയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam