'ചെളിയും രക്തക്കറയും'; മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ വിതരണം ചെയ്ത പിപിഇ കിറ്റുകള്‍ ഗുണനിലവാരമില്ലെന്ന് പരാതി

By Web TeamFirst Published Feb 10, 2021, 7:17 AM IST
Highlights

എട്ട് ബോക്സ് പിപിഇ കിറ്റുകളാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നല്‍കിയത്. പെട്ടികൾ പൊട്ടിച്ചതോടെയാണ് പിപിഇ കിറ്റുകള്‍ പലതും അഴുക്ക് പുരണ്ടതാണെന്ന് കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ വിതരണം ചെയ്ത പിപിഇ കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് പരാതി. അഴുക്കും ചെളിയും രക്തക്കറയും പറ്റിയ കിറ്റുകളാണ് പലതും. സംഭാവനയായി കിട്ടിയ പിപിഇ കിറ്റുകളാണിതെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിൽ തിരിച്ചെടുക്കുമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ പ്രതികരിച്ചു. 

എട്ട് ബോക്സ് പിപിഇ കിറ്റുകളാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നല്‍കിയത്. പെട്ടികൾ പൊട്ടിച്ചതോടെയാണ് പിപിഇ കിറ്റുകള്‍ പലതും അഴുക്ക് പുരണ്ടതാണെന്ന് കണ്ടെത്തിയത്. കറ വീണതും മുടി അടക്കം മാലിന്യവും ഈ പിപിഇ കിറ്റുകളില്‍ കണ്ടെത്തി. ഉപയോഗിച്ച പിപിഇ കിറ്റുകൾ വീണ്ടും എത്തിച്ചതാണോയെന്നാണ് സംശയം. 

സ്റ്റോറിൽ നിന്ന് രേഖാമൂലം പരാതി നല്‍കിയതോടെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ ഇടപെട്ടു. നെസ് ലേ കമ്പനി ഭക്ഷ്യ സുരക്ഷ വകുപ്പിന് സംഭവാനയായി നൽകിയ കിറ്റുകളാണിതെന്നും ഇത് അതേപടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നല്‍കുകയായിരുന്നുവെന്നും മെഡിക്കല്‍ സർവീസസ് കോര്‍പറേഷൻ വിശദീകരിക്കുന്നു. പരാതിയുയർന്ന സാഹചര്യത്തിൽ  കിറ്റുകൾ നശിപ്പിക്കും. 

click me!