അഞ്ച് വർഷം കൊണ്ട് ഇരട്ടി ലാഭം: പോപ്പുലർ ഫിനാൻസ് നിക്ഷേപമെത്തിച്ചത് അസാധാരണ സ്കീമുകൾ വഴി

By Web TeamFirst Published Oct 1, 2020, 8:37 AM IST
Highlights

വാർഷിക പലിശയായി പോപ്പുലർ ഫിനാൻസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തത് 12 മുതൽ 16 ശതമാനം വരെയാണ്. നിക്ഷേപകന് രൊക്കം കമ്മീഷൻ വേറെയും. ഒരു ലക്ഷത്തിന് 1000 രൊക്കം കമ്മീഷൻ, 5 വർഷ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്തത് ഇരട്ടി ലാഭം. 10 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷത്തിനു ശേഷം 20 ലക്ഷം കിട്ടും

പത്തനംതിട്ട: ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്താനായി പോപ്പുലർ ഫിനാൻസ് അവതരിപ്പിച്ചത് അസാധാരണ സ്കീമുകൾ. ഉപഭോക്താക്കളുടെ കണ്ണ് മഞ്ഞളിക്കുന്ന തരത്തിൽ വൻതോതിലുള്ള ആനുകൂല്യങ്ങളാണ് പോപ്പുലർ ഫിനാൻസ് അവതരിപ്പിച്ചത്. ആദ്യഘട്ടങ്ങളിൽ പണം നിക്ഷേപിച്ചവർക്കെല്ലാം വാഗ്ദാനം ചെയ്ത തുക ലഭിച്ചതോടെ ആയിരങ്ങളാണ് ഉള്ള സമ്പാദ്യമെല്ലാം പോപ്പുലർ ഫിനാൻസിൽ കൊണ്ടു നിക്ഷേപിച്ചതും ഇപ്പോൾ വഴിയാധാരമായതും. 

വാർഷിക പലിശയായി പോപ്പുലർ ഫിനാൻസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തത് 12 മുതൽ 16 ശതമാനം വരെയാണ്. നിക്ഷേപകന് രൊക്കം കമ്മീഷൻ വേറെയും. ഒരു ലക്ഷത്തിന് 1000 രൊക്കം കമ്മീഷൻ, 5 വർഷ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്തത് ഇരട്ടി ലാഭം. 10 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷത്തിനു ശേഷം 20 ലക്ഷം കിട്ടും. ഇത്തരം മോഹനവാഗ്ദാനത്തിൽ വീണത് പതിനയ്യായിരത്തോളം നിക്ഷേപകർ. തട്ടിപ്പിൻ്റെ പലിശ വഴികൾ തേടിയുള്ള ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു. 

പെരുവഴിയിൽ നിക്ഷേപകർ....

വാകത്താനത്തെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തിന് മുന്നിൽ ഇപ്പോഴും ഉപഭോക്താക്കളുടെ തിരക്ക് കാണാം. അടച്ചിട്ട ഓഫീസ് കെട്ടിട്ടത്തിന് മുന്നിൽ പതിച്ച നോട്ടീസുകൾക്ക് മുന്നിൽ ഇനിയെന്തന്നറിയാതെ നിരവധി പേർ. ആരോടും ഒന്നും പറയാനില്ലാതെ വരുമ്പോൾ കണ്ണീരുമായി അവർ മടങ്ങും. 

ആയുസിന്‍റെ സമ്പാദ്യം മുഴുവൻ ഇവിടെ നിക്ഷേപിച്ച് വഴിയാധാരമായവർ നിരവധിയാണ്. കോന്നി സ്വദേശിനിയായ ജെസിയെ ഞങ്ങൾ ഇവിടെവച്ചാണ് കണ്ടത്. 25 ലക്ഷമാണ് ജെസിയും കുടുംബവും പോപ്പുല‍ർ ഫിനാൻസിൽ പലപ്പോഴായി നിക്ഷേപിച്ചത്. ഗൾഫിലെ പൊരിവെയിലിൽ ഭർത്താവിന്‍റെ 25 വ‍ർഷത്തെ സമ്പാദ്യമായിരുന്നുഅത്. 

നോട്ടിരട്ടിപ്പിന്‍റെ നിരവധി സ്കീമുകളാണ് പോപ്പുലർ വെച്ചുനീട്ടിയത്. നിക്ഷേപിച്ചാൽ ലക്ഷത്തിന് ആയിരം രൂപ അപ്പോൾത്തന്നെ കമ്മീഷൻ കിട്ടും. പിന്നെ വാർഷിക പലിശ 12 മുതൽ 16 ശതമാനം വരെ. ആവശ്യക്കാർക്ക് ആത് മാസാമാസം അക്കൗണ്ടുകളിലെത്തും. നിക്ഷേപകരുടെ മനമിളക്കുന്ന വാഗ്ദാനങ്ങൾ വേറെയുമുണ്ട്. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 കൊല്ലം കൊണ്ട് ഇരട്ടിയാകും. 10, 25 , 50 ഉം ലക്ഷങ്ങൾ നിക്ഷേപിച്ച് മനക്കോട്ടകെട്ടിയവരൊക്കെ ഒടുവിൽ ഈ ചതിയിൽപ്പെട്ടുപോയി.

കേരളത്തിനകത്തും പുറത്തുമായുളള 276 ശാഖകൾ വഴിയാണ് 2000 കോടിയോളം രൂപ പത്തനംതിട്ട കേന്ദ്രീകരിച്ചുളള പോപ്പുലർ ഫിനാൻസ് എന്ന സാന്പത്തിക സ്ഥാപനം സമാഹരിച്ചത്. ടോട്ടൽ ഫോർ യു, ഹിമാലയ, ആപ്പിൾ. സാന്പത്തിക തട്ടിപ്പിൽ ഒടുവിലുത്തേതാണ് പോപ്പുലർ ഫിനാൻസ്. നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെക്കിട്ടാൻ അടിയന്തര ഇടപെടലാണ് അത്യാവശ്യം.

click me!