
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 28 വരെയാണ് റിമാൻ്റ് നീട്ടിയത്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് വീണ്ടും അപക്ഷേ നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്ത് നൽകിയതായും സർക്കാർ അറിയിച്ചു. നിക്ഷേപകരുടെ താല്പര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2000 കോടി രൂപയുടെ പോപ്പുലർ നിക്ഷേപ തട്ടിപ്പ് സിബിഐയ്ക്ക് വിടണമെന്ന ഹർജികൾ പരിഗണിക്കുമ്പോളാണ് അന്വേഷണം കൈമാറാൻ തയാറാണെന്ന് സർക്കാർ അറിയിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. പോപ്പുലർ ഫിനാൻസിനെതിരെ 3200ഓളം പരാതികൾ ലഭിച്ചതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഹെഡ് ഓഫീസ് പൂട്ടി മുദ്രവെച്ചു.
അഞ്ഞൂറോളം രേഖകളും പിടിച്ചെടുത്തതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഉടമകൾ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയതിയായി ഹർജിക്കാർ കോടതിയിൽ പറഞ്ഞു. ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് നിക്ഷേപകരുടെ വാദം. കാസർകോട് അടക്കം പരാതികൾ ഉണ്ടെന്നും എന്നാൽ എല്ലാവരോടും കോന്നിയിൽ എത്താനാണ് പോലീസ് ആവശ്യപ്പടുന്നതെന്നും ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് കൊണ്ടാണ് വെവ്വേറെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. ഇക്കാര്യത്തിൽ നാളെ വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരുടെ താല്പര്യങ്ങൾക്ക് ആണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam