
കോഴിക്കോട്: രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങൾ നേരിടാൻ പോപുലർ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉൾപ്പെട്ട തുകയാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായതെന്ന് പോപുലർ ഫ്രണ്ട്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 13 വർഷത്തെ ഇടപാടുകൾ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സാധാരണമാണെന്നും ഇഡി നടപടിക്കെതിരെ നേതൃത്വം പ്രതികരിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചത് അപലപനീയമെന്ന് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് പ്രതികരിച്ചു. കുറച്ച് വർഷങ്ങളായി തങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ നടപടി. രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ് ഇഡിയെന്നും അദ്ദേഹം പ്രതികരിച്ചു.
മാതൃകാപരമായ ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് തങ്ങളെന്ന് പോപുലർ ഫ്രണ്ട് പറയുന്നു. ഇഡി പ്രസ്താവിച്ച കണക്കുകൾ ഒട്ടും ആശ്ചര്യകരമല്ല. ഓരോ രൂപയുടെ ഇടപാടുകളുടെയും രേഖകൾ ആദായ നികുതിയിൽ സമർപ്പിച്ചിട്ടുണ്ട്. 10 വർഷത്തിലേറെ കാലത്തെ കണക്കുകൾ വെച്ച് വാർത്തകൾ വിവാദമാക്കാകുകയാണ്.
ജനങ്ങൾ പോപുലർ ഫ്രണ്ടിന് സംഭാവനകൾ നൽകി സഹായിക്കുന്നുണ്ട്. സംഘപരിവാറിനെതിരെ പോപുലർ ഫ്രണ്ട് സ്വീകരിച്ച നിലപാട് മാത്രമാണ് കെട്ടിച്ചമച്ച കേസുകൾ എന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ഈ തടസ്സങ്ങളെ മറികടക്കാൻ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും പോപുലർ ഫ്രണ്ട് സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam