'പ്രത്യേക സമുദായക്കാരുടെ ഹിറ്റ്‍ലിസ്റ്റ് തയാറാക്കിയിരുന്നു', പിഎഫ്ഐ പ്രവർത്തകരെ കസ്റ്റ‍ഡിയിൽ വേണമെന്ന് എൻഐഎ

By Web TeamFirst Published Sep 24, 2022, 2:05 AM IST
Highlights

വിവിധ മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തച്ചൊരിച്ചൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി: സംസ്ഥാനത്ത് നിന്ന് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ  കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ  തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎയുടെ നിലപാട്.

വിവിധ മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തച്ചൊരിച്ചൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ആദ്യം 10 പ്രതികളുടെ കസ്റ്റഡി അപേക്ഷയായിരുന്നു നൽകിയിരുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത സി ടി സുലൈമാന്റെ കസ്റ്റഡി അപേക്ഷയും  പുതുതായി കോടതിക്ക് നൽകിയിട്ടുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന വിവരങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ രാജ്യവ്യാപക ഓപ്പറേഷനിൽ  45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിന്‍റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയ്ഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്‍കുന്നു എന്ന സൂചനയും ഈ അന്വേഷണത്തിൽ കിട്ടിയതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും പിടിച്ചെടുത്തു. കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്‍കുന്നത്. 

ഹർത്താൽ വൻ വിജയമാക്കിയ പൊതുജനങ്ങൾക്കും പൊലീസിനുമെല്ലാം നന്ദിയെന്ന് പോപ്പുലർ ഫ്രണ്ട്

click me!