ജനപ്രിയ മദ്യങ്ങള്‍ കിട്ടാനില്ല, 'ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് കാരണം,വേഗത്തിൽ പരിഹാരം കാണും' എംബി രാജേഷ്

By Web TeamFirst Published Nov 13, 2022, 10:33 AM IST
Highlights

പ്രശ്നം സർക്കാരിന്‍റെ സജീവ പരിഗണനയിലെന്നും എക്സൈസ് മന്ത്രി
 

കൊച്ചി:ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി എംബിരാജേഷ് പറഞ്ഞു.ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് കാരണം.
പ്രശ്നം സർക്കാരിന്‍റെ  പരിഗണനയിലാണ്.ഇതിന് വേഗത്തിൽ പരിഹാരം കാണുമെന്നും  മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യവില്‍പനശാലകൾ വന്‍ പ്രതിസന്ധി നേരിടുകയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ്. ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു. 

പ്രതിമാസം 20 ലക്ഷം കേയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്.ശരാശരി  ദിവസ ഉപഭോഗം 70000 കേയ്സാണ്.മദ്യ നിര്‍മ്മാണത്തിന‍ാവശ്യമായ സ്പിരിറ്റിന്‍റെ വില ലിറ്റരിന് 74 രൂപയായി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.മൂന്ന് മാസം മുമ്പ് ഇത്64 രൂപയായിരുന്നു. ഉത്പാദന ചെലവിന് ആനുപാതികമായി മദ്യവില ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിറ്റ് വരവ് നികുതി ക്രമീകിരണത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശമ്രിക്കുന്നത്.ഇതിലൂടെ മദ്യകമ്പനികള്‍ക്ക്  12 ശതമാനം വരുമാന വര്‍ദ്ധന ലഭിക്കും.മദ്യത്തിന്‍റെ  വിപണി വില ഉയരുകയുമില്ല. എന്നാല്‍ ഈ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല.പല പ്രമുഖ ബ്രാന്‍ഡുകളുടേയും മദ്യം കേരളത്തിലെ ഡിസ്റ്റലറികളിലാണ് ഉത്പാദിപ്പിക്കുന്നത്. സ്പിരിറ്റ് വില വര്‍ദ്ധന മൂലം ഉത്പാദനം നിയന്ത്രിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.

click me!