
വയനാട്: വയനാട്ടിൽ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെതിരെ എസ്‍സി എസ്‍ടി കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പൊലീസ് മേഥാവിയോട് അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. തെളിവെടുപ്പിനിടെ മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍റ് ചെയ്തിരുന്നു. ഷെൽട്ടർ ഹോമിൽ കഴിയുന്ന പട്ടികവർഗ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ജൂലൈ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോക്സോ കേസിൽ ഇരയായ 16 കാരിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് അമ്പലവയൽ പൊലീസിൻ്റെ അതിക്രമം നടന്നത്. പെൺകുട്ടി പീഡനത്തിനിരയായ ലോഡ്ജിൽ വെച്ചായിരുന്നു തെളിവെടുപ്പ്. എസ് ഐ സോബിൻ, ഗ്രേഡ് എ എസ് ഐ,ടി ജി ബാബു, സിവിൽ പൊലീസ് ഓഫീസർ പ്രജിഷയുമാണ് സംഘത്തിലുണ്ടായിരുന്നത്.
തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവേ നഗരത്തിൽ വണ്ടി നിർത്തി. ഗ്രേഡ് എ എസ് ഐ ടി ജി ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഷെൽട്ടർ ഹോമിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് സി ഡബ്ല്യു സി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ്‍പിയെ ചുമതലപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam